ചിത്രം: Ruston Constructions
കെട്ടിടങ്ങള്‍ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ഇന്ന് പുതുമയുള്ള വാര്‍ത്തയല്ല. സാധാരണയായി റോളറുകളുടെയും മറ്റും സഹായത്തോടെയാണ് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ കേടുപാടുകള്‍ കൂടാതെ പുതിയ സ്ഥലത്തേക്ക് മാറ്റി വയ്ക്കുന്നത്. എന്നാല്‍ റോളറുകളൊന്നും ഉപയോഗിക്കാതെ വെറും സോപ്പുകട്ടകളുടെ സഹായത്തോടെ കൂറ്റന്‍ ഹോട്ടല്‍ കെട്ടിടം പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. കാനഡയിലെ നോവ സ്കോട്ടിയയിലാണ് സംഭവം. ഹാലിഫാക്സിലെ 'ദ് എല്‍ംവുഡ്' ഹോട്ടലാണ് പഴയ ഫൗണ്ടേഷനില്‍ നിന്നും പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1826 ല്‍ പണി കഴിപ്പിച്ചപ്പോള്‍ ഒറ്റനിലയായിരുന്ന കെട്ടിടം പിന്നീട് മൂന്ന് നിലയുള്ള 'വിക്ടോറിയന്‍ എംവുഡ് ഹോട്ടലെന്ന്' പേരുമാറുകയായിരുന്നു. നിലവില്‍ ഗാലക്സി പ്രോപര്‍ട്ടീസെന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കാണ് ഹോട്ടലിന്‍റെ അവകാശം. 2022 ലാണ് കെട്ടിടം യഥാര്‍ഥ അടിത്തറയില്‍ നിന്നും മാറ്റി പുതിയതിലേക്ക് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചത്.
റഷ്ടണ്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് 220 ടണ്‍ ഭാരമേറിയ കെട്ടിടം സുരക്ഷിതമായി സ്ഥാനം മാറ്റുന്ന ദൗത്യം ഏറ്റെടുത്തത്. കെട്ടിടം മാറ്റി വയ്ക്കുന്നതിന്‍റെ ടൈംലാപ്സ് വിഡിയോയും ഇവര്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിലേത് പോലെ റോളറുകള്‍ ഉപയോഗിക്കുന്നതിന് പകരം സ്റ്റീല്‍ ട്രേയും, ട്രക്കും, ഐവറി സോപ്പിന്‍റെ 700 കട്ടകളും ഉപയോഗിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ഷെല്‍ഡന്‍ റഷ്ടനാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
സ്വതവേ മൃദുവായതിനാലാണ് ഐവറി സോപ്പ് താന്‍ തിരഞ്ഞെടുത്തതെന്ന് റഷ്ടന്‍ പറയുന്നു. സ്റ്റീല്‍ ട്രേയിലേക്ക് സോപ്പുകട്ടകളിട്ട് ലായനി കൂടി ഒഴിച്ചതോടെ കെട്ടിടം സുഗമമായി പുതിയ സ്ഥലത്തേക്ക് മാറ്റി വയ്ക്കാനായെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആദ്യഘട്ടത്തില്‍ 15 അടിയാണ് കെട്ടിടം നീക്കിയത്. രണ്ടാം ഘട്ടത്തില്‍ അടുത്ത പതിനഞ്ചടി ദൂരവും നീക്കിയെന്നും റഷ്ഡന്‍ രാജ്യാന്തര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പുതിയ അടിത്തറ കെട്ടിക്കഴിഞ്ഞാല്‍ ഹോട്ടല്‍ അതിന് മുകളിലേക്ക് സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. ഇത് പൂര്‍ത്തിയാകുന്നതോടെ കെട്ടിടത്തിന് പിന്നിലായി പുതിയ ഒന്‍പത് നില കെട്ടിടവും നിര്‍മിക്കും. പ്രാദേശിക പൈതൃക കെട്ടിടങ്ങളുടെ പട്ടികയിലാണ് ഹോട്ടലിനെ നിലവില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നത്.
220 tonne hotel moved to new location with the help of 700 bar soap, Canada