shark

TAGS

മെക്‌സിക്കോയില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവ് ആക്രമിച്ച 26കാരി മരിച്ചു. മരിയ ഫെർണാണ്ടസ് മാർട്ടിനെസ് ജിമെനെസ് എന്ന യുവതിയാണ് മരിച്ചത്. മാൻസാനില്ലോ തുറമുഖത്തിന് പടിഞ്ഞാറുള്ള മെലാക്കിലെ ബീച്ചിൽ ശനിയാഴ്ചയാണ് സംഭവം. അഞ്ചു വയസ്സുള്ള മകളോടൊപ്പം നീന്തുകയായിരുന്ന യുവതി സ്രാവ് ആക്രമണ ഉണ്ടായപ്പോള്‍ മകളുടെ ജീവന്‍ രക്ഷിക്കാനായി മകളെ ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്രാവ് മരിയയെ ആക്രമിച്ച് കാല്‍ കടിച്ചെടുക്കുന്നത്. കാലിലെ മുറിവിൽ നിന്ന് രക്തം നഷ്ടപ്പെട്ടാണ് യുവതി മരിച്ചതെന്ന് പ്രാദേശിക സിവിൽ ഡിഫൻസ് ഓഫീസ് മേധാവി റാഫേൽ അറൈസ പറഞ്ഞു.  ‌‌‌

 

കടലില്‍‌ യുവതി കുടുങ്ങിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മെലാക്ക് ബീച്ചിന്റെ ഭാഗമായ സിഹുവാറ്റ്‌ലാൻ മുനിസിപ്പാലിറ്റിയിലെ രക്ഷാപ്രവര്‍ത്തകരും അഗ്നിശമന സേനാംഗങ്ങളും ബീച്ചിലെത്തുന്നത്. അപകടത്തിന് പിന്നാലെ പ്രദേശവാസികളും സന്ദർശകരും വെള്ളത്തിലിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ നടത്താനിരുന്ന നീന്തല്‍ മല്‍സരവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മുൻകരുതലെന്ന നിലയിൽ മെലാക്കിലെയും ബരാ ഡി നവിദാദിലെയും ബീച്ചുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് അടച്ചിടുകയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ബീച്ചുകളിൽ സുരക്ഷ ഉറപ്പുനൽകുന്നതിനുമായി ആവശ്യമായ നടപടികൾ ഉടന്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.

 

26-year-old woman died in a shark attack at Mexican beach.