ചിത്രം: google

വിമാനത്തിനുള്ളില്‍ വച്ച് തന്‍റെ തലയിടിച്ച് പൊട്ടിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി ലോക ഹെവിവെയ്റ്റ് മുന്‍ ചാംപ്യന്‍ മൈക്ക് ടൈസന്‍ മൂന്ന് കോടി രൂപ നല്‍കണമെന്ന് യുവാവ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള ജെറ്റ് ബ്ലൂ വിമാനത്തിലായിരുന്നു സംഭവം. മൈക്ക് ടൈസന്‍റെ ഇടിയേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന മെല്‍വിന്‍ ടൗന്‍സെന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെങ്ങും പ്രചരിച്ചിരുന്നു. 

 

തന്നെ അകാരണമായി പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് നിലതെറ്റി പെരുമാറേണ്ടി വന്നതെന്നായിരുന്നു ടൈസന്‍റെ വിശദീകരണം. സംഭവം നടന്ന് ഒരു വര്‍ഷമായതോടെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെല്‍വിന്‍ രംഗത്തെത്തിയത്. മൈക്ക് ടൈസന്‍റെ ഇടിയേറ്റതിന് പിന്നാലെ കടുത്ത തലവേദനയും കഴുത്ത് വേദനയും മെല്‍വിനെ അലട്ടിയെന്നും, ബോധം നഷ്ടമായെന്നും തലയ്ക്കുള്ളില്‍ ഭാരവും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങിയെന്നും മെല്‍വിന്‍റെ അഭിഭാഷകര്‍ പറയുന്നു. പരുക്ക് ഭേദമായിട്ടും  നിരന്തരം തലവേദനയും , ഓര്‍മ പ്രശ്നങ്ങളും ഉറക്കക്കുറവും, തലകറക്കവും നിരന്തരമായി അനുഭവപ്പെട്ടെന്നും കടുത്ത വിഷാദത്തിലേക്ക് വീണുപോയെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. 

 

മൈക്ക് ടൈസന്‍റെ ആക്രമണമുണ്ടായ സമയത്ത് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ലെന്നും  ഇതോടെ ചികില്‍സയ്ക്കായി വന്‍തുക ചിലവായെന്നും അഭിഭാഷകര്‍ ടൈസന് അയച്ച നോട്ടിസില്‍ പറയുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മെല്‍വിന്‍റെ ആവശ്യം അടിസ്ഥാനരഹിതമാണെന്നും പണം നല്‍കില്ലെന്നുമാണ് ടൈസന്‍റെ അഭിഭാഷകന്‍ വാര്‍ത്തകളോട് പ്രതികരിച്ചത്. ടൈസനെ മെല്‍വിന്‍ പ്രകോപിപ്പിച്ചുവെന്ന നിലയിലാണ് സംഭവ സമയത്ത് വിമാനക്കമ്പനിയും പ്രതികരിച്ചത്. ഇതോടെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ടൈസനെതിരെ ചുമത്തിയിരുന്നില്ല. പക്ഷേ സംഭവത്തില്‍ ടൈസന്‍ പിന്നീട് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. അങ്ങേയറ്റം അസ്വസ്ഥതനായതോടെയാണ് അങ്ങനെ പെരുമാറിയതെന്നും ശരിക്കുമുള്ള താന്‍ അങ്ങനെ ചെയ്യില്ലെന്നുമായിരുന്നു ജിമ്മി കിമ്മല്‍ ഷോയില്‍ ടൈസന്‍റെ പ്രതികരണം.