taylor-swift-concert

ബ്രസീലിൽ നടന്ന ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടിയില്‍ കുഴ‍ഞ്ഞുവീണ് ആരാധികയ്ക്ക് ദാരുണാന്ത്യം. റിയോ ഡി ജനീറോയിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി കാണാനെത്തിയ അന്ന ക്ലാര ബെനവിഡെസ് എന്ന 23കാരിയാണ് ചൂട് സഹിക്കാനാകാതെ കുഴ‍ഞ്ഞുവീണ് മരിച്ചത്. ക്ലാരയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സംഗീതപരിപാടിയുടെ സംഘാടര്‍ക്ക് നേരെ വിമര്‍ശനമുയരുകയാണ്.

ബ്രസീലില്‍ കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത്രയും ചൂടുളള സമയത്ത് ധാരാളം ആളുകള്‍ കൂടുന്ന ഒരു സംഗീതപരിപാടി സംഘടിപ്പിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ല എന്നതാണ് സംഘാടകര്‍ക്ക് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം വയ്ക്കാതിരുന്നതും ചൂട് കൂടിയസമയത്ത് പരിപാടി സംഘടിപ്പിച്ചതും ആവശ്യത്തിന് വെളളവും മറ്റും കരുതിയിരുന്നില്ലെന്നതുമെല്ലാം അപകടകരമായ അവസ്ഥയ്ക്ക് കാരണമായി എന്നാണ് വിമര്‍ശനങ്ങള്‍. അതേസമയം കയ്യില്‍ വെളളവും ഭക്ഷണവുമായി പരിപാടി കാണാനെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല എന്ന തരത്തിലുളള ആരോപണങ്ങളും ഉയരുന്നുണ്ട്. 

പരിപാടി തുടങ്ങി അല്‍പം സമയത്തിനകം തന്നെ ചൂട് സഹിക്കവെയ്യാതെ പലരും മടങ്ങിയിരുന്നു. ചൂട് താങ്ങാനാവാതെ വന്നപ്പോള്‍ ആരാധകരില്‍ ചിലര്‍ വേദിയില്‍ പാടിക്കൊണ്ടിരിക്കുകയായിരുന്ന ടെയ്​ലര്‍ സ്വിഫ്റ്റിന് നേരെ ഒഴിഞ്ഞ വെളളക്കുപ്പികള്‍ ഉയര്‍ത്തിക്കാട്ടുകയും വെളളത്തിനായി അഭ്യര്‍ഥിക്കുകയും ചെയ്തതായി പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ടെയ്​ലര്‍ സ്വിഫ്റ്റ് ഉടന്‍ തന്നെ പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും സംഘാടകരോട് കാണികള്‍ക്ക് വെളളമെത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അന്ന കുഴഞ്ഞുവീണ് മരിച്ചത്. 

അന്നയുടെ വിയോഗത്തില്‍ ദുഃഖമറിയിച്ച ടെയ്‌ലർ സ്വിഫ്റ്റ് തന്റെ ഔദ്യോഗിക പരിപാടികൾ മാറ്റി വച്ചിരുന്നു. സംഭവത്തില്‍ സംഘാടകരുടെ ഭാഗത്തെ വീഴ്ച കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. 

23 year old fan died of heat at a Taylor Swift concert