കാമുകനായ 24കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി. നതാലി ബെന്നറ്റ് എന്ന 47കാരിയാണ് കത്തിയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് കാമുകനെ കൊലപ്പെടുത്തിയത്. കാസി ആന്‍ഡേഴ്സന്‍ എന്ന ചെറുപ്പക്കാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കാസിയുടെ 25ാം ജന്മദിനത്തിന് ഒരാഴ്ച മുന്‍പാണ് കൊലപാതകം നടന്നത്.
നതാലിയും കാസിയും തമ്മില്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതും. കൊല നടന്ന ദിവസം നതാലിയും കാസി ആന്‍ഡേഴ്സനും തമ്മില്‍ വഴക്കുണ്ടാകുകയും പ്രകോപിതയായ നതാലി കയ്യില്‍ കിട്ടിയ സ്ക്രൂഡ്രൈവര്‍ എടുത്ത് കാസിയെ പലതവണ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോള്‍ കത്തിയെടുത്ത് മാരകമായി കാസിയെ കുത്തി. കാസിയുടെ ചെവിയിലും ഇടത്തെ കയ്യിലും നെഞ്ചിലും കാലിലുമെല്ലാം സാരമായ മുറിവുകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൃദയത്തിലേക്ക് കത്തികുത്തിയിറക്കിയതാണ് മരണകാരണം.
പരുക്കേറ്റ് പുറത്തേക്കോടിയ കാസി 999 എന്ന നമ്പറിലേക്ക് താന്‍ മരിക്കാന്‍ പോകുകയാണെന്ന അടിയന്തരസന്ദേശം അയക്കുകയും ഉടനെതന്നെ പൊലീസ് സംഭവസ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ നതാലി പൊലീസിന് നല്‍കിയ മൊഴി കാസി കുത്തേറ്റ് ശരീരം നിറയെ മുറിവുമായാണ് വീട്ടിലേക്ക് വന്നുകയറിയത് എന്നാണ്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസി 20 ദിവസങ്ങള്‍ക്കുശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണത്തിന്‍റെ ഭാഗമായി നതാലിയെ ചോദ്യം ചെയ്തപ്പോഴും തനിക്ക് കാസിയുടെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്നും താന്‍ നിരപരാധിയാണെന്നുമാണ് നതാലി വാദിച്ചത്. എന്നാല്‍ കാസിയുടെ മാതാപിതാക്കളുടെ മൊഴിയും അയല്‍വാസികളുടെ മൊഴിയുമെല്ലാം നതാലിക്കെതിരായിരുന്നു.
മകനെ നതാലി നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും നതാലിയെ ഭയന്നാണ് മകന്‍ കഴിഞ്ഞിരുന്നതെന്നും കാസിയുടെ മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞു. കൊല നടന്ന ദിവസം വീട്ടിനകത്തുനിന്നും കാസിയുടെ നിലവിളി കേട്ടിരുന്നതായും ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നുമുളള അയല്‍വാസികളുടെ മൊഴിയും നതാലിയെ കുരുക്കി. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ നതാലി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും ജഡ്ജി ഡെനിസ് വാട്സണ്‍ നതാലിക്ക് 18 വർഷത്തെ കഠിന തടവ് വിധിക്കുകയും ചെയ്തു. വിധി കേട്ട് ആദ്യം മൗനം പാലിച്ച നതാലി പിന്നീട് കോടതിയില്‍ ബഹളമുണ്ടാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Liverpool woman got life sentence for murder