National-Womens-Congress

ഴിഞ്ഞദിവസം ബീജിങ്ങില്‍ സമാപിച്ച നാഷണല്‍ വിമന്‍സ് കോണ്‍ഗ്രസ് ഒരു വലിയ നയംമാറ്റം പ്രഖ്യാപിച്ചു. സ്ത്രീകള്‍ ഇനി വീട്ടിലിരുന്നാല്‍ മതി. വിവാഹം കഴിക്കുക, കുട്ടികള്‍ക്ക് ജന്മം നല്‍കുക, അവരെ വളര്‍ത്തുക, വൃദ്ധരെ പരിപാലിക്കുക. ഇതാണ് ആ നയംമാറ്റത്തിന്റെ ചുരുക്കം. പ്രഖ്യാപിച്ചത് മറ്റാരുമല്ല. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ പ്രസിഡന്റ് ഷീ ചിന്‍പിങ് തന്നെ. മൂന്നുപതിറ്റാണ്ടായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്ന ലിംഗസമത്വം എന്ന മുദ്രാവാക്യം ചവറ്റുകൊട്ടയിലെറിഞ്ഞാണ് ഷീ തന്റെ നയം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങുന്നത്. എന്താണ് ഈ കടുത്ത നീക്കത്തിലേക്ക് പോകാന്‍ ചൈനയെ പ്രേരിപ്പിച്ചത്? അവിടത്തെ സ്ത്രീകള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും?

 

ജനസംഖ്യാപ്രതിസന്ധിയും നയംമാറ്റവും

A-person-stands-at-the-Ming-Dynasty-City-Wall-Relics

ചൈന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. അതിനേക്കാള്‍ അവരെ അലട്ടുന്ന ഒന്നാണ് ജനസംഖ്യാപ്രതിസന്ധി. ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ഈ വര്‍ഷമാദ്യം ചൈനയെ മറികടന്ന് ഒന്നാമതെത്തിയത് നമ്മളൊക്കെ ആഘോഷിച്ചതാണല്ലോ. എന്നാല്‍ അതിന് മുന്‍പുതന്നെ ചൈന മറ്റൊരു കണക്ക് കണ്ട് ഞെട്ടിയിരുന്നു. 1960കള്‍ക്കുശേഷം ആദ്യമായി ചൈനയില്‍ ജനനനിരക്ക് മരണനിരക്കിനേക്കാള്‍ കുറഞ്ഞു. 2022ല്‍ 90,56,000 കുട്ടികള്‍ ജനിച്ചപ്പോള്‍ ആകെ മരണം ഒരു കോടി 41 ലക്ഷമായിരുന്നു. ഇതിന്റെ പ്രത്യാഘാതം ലളിതമാണ്, കഠിനവും. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ തൊഴിലെടുക്കാന്‍ ജനങ്ങള്‍ വേണം. പത്തുവര്‍ഷം കഴിഞ്ഞാല്‍ ചൈനീസ് ജനസംഖ്യയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 40 കോടിയായി ഉയരും. ഇവര്‍ക്കുള്ള ആരോഗ്യപരിരക്ഷ, പെന്‍ഷന്‍ തുടങ്ങിയവയ്ക്ക് പണം കണ്ടെത്തലും കനത്ത വെല്ലുവിളിയാണ്. 

എങ്ങനെ ചൈന ഈ അവസ്ഥയിലെത്തി?

Participants-take-part-in-the-Beijing-Marathon-4

ദശകങ്ങളായി തുടരുന്ന കടുത്ത ജനസംഖ്യാനിയന്ത്രണ നയമാണ് ചൈനയെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത്. ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടി എന്ന നയം കമ്യൂണിസ്റ്റ് പാര്‍ട്ടി അതിശക്തമായി നടപ്പാക്കി. നിര്‍ബന്ധിത ഗര്‍ഭഛിദ്രവും വന്ധ്യംകരണവും കനത്ത പിഴയുമെല്ലാം ഇതിനായി ഉപയോഗിച്ചു. സോഷ്യലിസം നടപ്പാക്കാന്‍ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്നായിരുന്നു പാര്‍ട്ടി നിലപാട്. ജനസംഖ്യയുടെ കാര്യത്തില്‍ പല വികസിത രാജ്യങ്ങളും അവലംബിച്ച സമീപനമാണ് ചൈനയും പിന്തുടര്‍ന്നത്. വരുമാനം കൂടുമ്പോള്‍ പ്രത്യുല്‍പാദന നിരക്ക് കുറയുന്നു. ജനസംഖ്യ കുറയുമ്പോള്‍ വിദ്യാഭ്യാസനിലവാരം കൂടുന്നു. ജീവിതനിലവാരം മെച്ചപ്പെടുന്നു. ജനങ്ങള്‍ കൂടുതല്‍ കാലം ജീവിക്കുന്നു. സംഗതി സത്യമാണെങ്കിലും ജനസംഖ്യയില്‍ യുവാക്കളുടെ അനുപാതം കുറയുമ്പോള്‍ എന്തുചെയ്യുമെന്ന് അവര്‍ ഓര്‍ത്തില്ല. 

 

People-walk-at-the-Ming-Dynasty-City

ഇപ്പോഴത്തെ ജനസംഖ്യാനയം

ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നത് തിരിച്ചറിയാന്‍ ചൈനീസ് ഭരണകൂടം വൈകി. മൂന്ന് പതിറ്റാണ്ടിനുശേഷം 2016ലാണ് ഒരു കുടുംബം ഒരു കുട്ടി നയം പിന്‍വലിച്ചത്. രണ്ട് കുട്ടികളാകാം എന്നായിരുന്നു നയംമാറ്റം. 2021ല്‍ ഇത് മൂന്നുകുട്ടികള്‍ എന്നാക്കി. രണ്ടും മൂന്നും കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പണവും നികുതി ഇളവും മറ്റ് ആനൂകൂല്യങ്ങളും വാരിക്കോരി നല്‍കുന്നുണ്ട്. ആവശ്യം ഒന്നുമാത്രം. ജനസംഖ്യ വര്‍ധിപ്പിക്കണം. എന്നാല്‍ ഈ ഇളവുകളൊന്നും ജനങ്ങളില്‍ പ്രത്യേകിച്ച് യുവാക്കളില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയില്ല. അങ്ങനെയാണ് പ്രതീക്ഷിച്ചതിലും രണ്ടുവര്‍ഷം മുന്‍പ് ചൈനയിലെ ജനന നിരക്ക് മരണനിരക്കിനേക്കാള്‍ പിന്നിലായത്. 

Li-Keqiang-family-with-Xi

 

Workers-at-Huayu-hatchery-in-Handan---Hebei-province

നാഷണല്‍ വിമന്‍സ് കോണ്‍ഗ്രസ്

നാഷണല്‍ വിമന്‍സ് കോണ്‍ഗ്രസില്‍ ഷീ ചിന്‍പിങ് പറഞ്ഞത് ഇതാണ്. ‘വിവാഹത്തെയും കുട്ടികളുണ്ടാകേണ്ടതിന്റെയും കുടുംബത്തെയും കുറിച്ച് യുവതലമുറയ്ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ശക്തിപ്പെടുത്തണം. ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള നയം കുറവുകള്‍ തീര്‍ത്ത് നടപ്പാക്കാനും നിലവാരമുള്ള ജനതയെ വികസിപ്പിക്കാനും വനിതാസംഘടന മുന്‍കൈയെടുക്കണം. വയോധികരുടെ സംഖ്യ വര്‍ധിക്കുന്നത് കണക്കിലെടുത്ത് അവരുടെ പരിചരണത്തിനും വേണ്ട നിലപാടുകളും കൈക്കൊള്ളണം.’ സ്ത്രീകള്‍ പൊതുരംഗത്തുനിന്നും തൊഴിലിടങ്ങളില്‍ നിന്നും പിന്മാറി വിവാഹം, കുട്ടികള്‍ക്ക് ജന്മം നല്‍കല്‍, വീട്ടുജോലികള്‍, വൃദ്ധജന പരിപാലനം എന്നീ കാര്യങ്ങള്‍ ചെയ്താല്‍ മതി എന്ന് ചുരുക്കം. 

Zhang-Fengguang-proposes-to-his-fiancee-Sun-Tiantian

 

Proposal

വിമന്‍സ് കോണ്‍ഗ്രസിലെ പ്രഖ്യാപനം പെട്ടെന്നുണ്ടായതല്ല. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോയില്‍ വനിതാപ്രാതിനിധ്യം ഇല്ലാതായത് ഈ വര്‍ഷമായിരുന്നു. ഷീ ചിന്‍ പിങ് അധികാരത്തിലെത്തിയതുമുതല്‍ നടത്തിയ പല പ്രസ്താവനകളും സ്ത്രീകള്‍ കുടുംബകാര്യം നോക്കായില്‍ മതി എന്ന നിലപാടിന്റെ പ്രതിഫലനമായിരുന്നു. വിമന്‍സ് കോണ്‍ഗ്രസില്‍ സംസാരിച്ച സിപിസി അംഗങ്ങളാരും ലിംഗസമത്വത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല എന്നതും വളരെ ശ്രദ്ധേയമാണ്. 1995 മുതല്‍ ഈ മുദ്രാവാക്യം വിമന്‍സ് കോണ്‍ഗ്രസിലെ പ്രസംഗങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു.

A-parents-pushes-a-stroller-with-a-baby

 

നടപ്പാക്കല്‍ എളുപ്പമോ?

 

1978ലാണ് ഒരു കുടുംബം ഒരു കുട്ടി ആശയം ചൈനീസ് ഭരണകൂടം മുന്നോട്ടുവച്ചത്.  സ്വമേധയാ നടപ്പാക്കാന്‍ അധികം പേര്‍ തയാറാകാത്തതുകാരണം 1980 സെപ്തംബര്‍ 25ന് സിപിസി സെന്‍ട്രല്‍ കമ്മിറ്റി ഈ നയം രാജ്യത്തുടനീളം ഒരുപോലെ നടപ്പാക്കാന്‍ ഉത്തരവിറക്കി. എന്നാല്‍ അന്നത്തെ ദരിദ്രമായ ചൈനയല്ല ഇന്നുള്ളത്, അന്നത്തെ നിരക്ഷരരായ ജനതയല്ല ഇന്നത്തേത്. സര്‍വാധിപത്യ ഭരണത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും സജീവമായ പൊതുസമൂഹം ചൈനയിലുണ്ട്. അതില്‍ സ്ത്രീകള്‍ക്ക് തുല്യമല്ലെങ്കിലും വലിയ പങ്കുണ്ട്. പ്രതികരിക്കുന്നവരെ തുറുങ്കിലടയ്ക്കുമ്പോഴും കൂടുതല്‍ പേര്‍ അഭിപ്രായങ്ങളും എതിര്‍പ്പും തുറന്നുപറഞ്ഞ് മുന്നോട്ടുവരുന്നുമുണ്ട്. അത്തരമൊരു സമൂഹത്തെ അപ്പാടെ വീട്ടിലിരുത്താന്‍ ശ്രമിച്ചാല്‍ എന്തുസംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Zhang-Fengguang-proposes-to-his-fiancee-Sun-Tiantian

 

വിവാഹം കഴിക്കാതിരിക്കുക, വിവാഹം കഴിച്ചാല്‍ തന്നെ കുട്ടികള്‍ വേണ്ടെന്നുവയ്ക്കുക എന്നതാണ് ഇപ്പോഴത്തെ യുവാക്കളില്‍ വലിയൊരു വിഭാഗത്തിന്റെ നിലപാട്. ഇരട്ടവരുമാനം, കുട്ടികള്‍ വേണ്ട എന്നതാണ് അവരുടെ മുദ്രാവാക്യം. കുട്ടികളെ വളര്‍ത്താന്‍ ലോകത്തുതന്നെ ഏറ്റവും ചെലവേറിയ രാജ്യമാണ് ചൈന. സാമ്പത്തിക പ്രതിസന്ധി കൂടിയാകുമ്പോള്‍ മിക്കവരും ഒറ്റയ്ക്ക് കഴിയാനോ കുട്ടികളില്ലാതെ മുന്നോട്ടുപോകാനോ ആണ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഒരു നയം തീരുമാനിച്ചാല്‍ അത് എങ്ങനെയും നടപ്പാക്കുക എന്നതാണ് ചൈനയുടെ രീതി. 

Proposal

സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് തൊഴില്‍മേഖലയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന പ്രവണത ഇപ്പോള്‍ത്തന്നെ സജീവമാണ്. പുതിയ പ്രഖ്യാപനങ്ങള്‍ ഇത്തരം നടപടികള്‍ക്ക് ആക്കം കൂട്ടും. സര്‍ക്കാരിന്റെ പിന്തുണയും അതിനുണ്ടാകും. വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്കും കൂടുതല്‍ കര്‍ശനമായ മറ്റ് ഇടപെടലുകള്‍ക്കും സര്‍ക്കാര്‍ മുതിര്‍ന്നാല്‍ ഒരുപക്ഷേ ചൈനയുടെ ചരിത്രത്തിലെ തന്നെ വലിയ അസ്വസ്ഥതകള്‍ക്കാകും കളമൊരുങ്ങുക.

 

China's Message to Women: Gender Equality Is Out, Family and Childbirth Are In. President Xi Promotes 'Childbirth Culture' for Women