രണ്ട് ആരാധകര്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ബെല്‍ജിയം–സ്വീഡന്‍ യൂറോ കപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1ന് സമനില പിടിച്ചതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്. രണ്ടാം പകുതിയില്‍ കളിക്കാന്‍ താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.
സ്വീഡന്റെ ജഴ്സി ധരിച്ച ആരാധകരാണ് ബ്രസ്സല്‍സില്‍ വെടിയേറ്റ് മരിച്ചത് എന്ന് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുടേയും ആരാധകരോട് ഗ്രൗണ്ടില്‍ തന്നെ നില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ബെല്‍ജിയം–സ്വീഡന്‍ മത്സരം നടന്ന സ്റ്റേഡിയത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് ആരാധകര്‍ വെടിയേറ്റ് മരിച്ചത്.
35,000ത്തിലധികം കാണികളാണ് ബെല്‍ജിയം–സ്വീഡന്‍ മത്സരം കാണാന്‍ എത്തിയിരുന്നത്. മത്സരത്തിന്റെ കിക്കോഫിന് തൊട്ട് മുന്‍പ് നഗരത്തില്‍ എന്തോ സംഭവിച്ചു എന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ബെല്‍ജിയന്‍ സോക്കര്‍ യൂണിയന്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് നടക്കാന്‍ അനുവദിക്കില്ലെന്ന് ബെല്‍ജിയം പ്രധാനമന്ത്രി പ്രതികരിച്ചു. വെടിയുതിര്‍ത്തവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.