israexplainer-08

ക്ടോബര്‍ ആറ്. യോം കിപ്പോര്‍ യുദ്ധത്തിന്റെ അന്‍പതാം വര്‍ഷം. ജൂതവംശജര്‍ മറ്റെല്ലാ ജോലികളില്‍ നിന്നും വിശ്രമിക്കുന്ന സാബത്ത് ദിനവും. പുലര്‍ച്ചെ ആറരയോടെ കരയിലും കടലിലും ആകാശമാര്‍ഗവും ഹമാസ്, ഇസ്രയേലിലേക്ക് കടന്നുകയറി. അയ്യായിരത്തിലേറെ മിസൈലുകള്‍ വര്‍ഷിച്ചു. തുരുതുരെ നിറയൊഴിച്ചു. സൈനികരെയും സാധാരണക്കാരെയും തടവിലാക്കി. തെരുവുകളില്‍ മരിച്ചുവീണത് ഇരുനൂറിലേറെപ്പേര്‍. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിലും കൊല്ലപ്പെട്ടു അതിലേറെ ആളുകള്‍. തെരുവുകളില്‍ ചോരച്ചാലുകള്‍ തീര്‍ത്ത ഈ പകയുടെ തുടക്കമെവിടെയാണ്? എന്താണ് ഇസ്രയേല്‍–പാലസ്തീന്‍ യുദ്ധത്തിന്റെ കാരണം? 
 
ഒന്നാം ലോകമഹായുദ്ധത്തിലാണ് ഇസ്രയേല്‍–പലസ്തീന്‍ വൈരം വേരിടുന്നത്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ പലസ്തീന്റെ നിയന്ത്രണം ബ്രിട്ടന്‍ ഏറ്റെടുത്തു. അന്ന് അറബ് വംശജര്‍ ഭൂരിപക്ഷവും ജൂതന്‍മാര്‍ ന്യൂനപക്ഷവുമായിരുന്ന ഭൂപ്രദേശമായിരുന്നു പലസ്തീന്‍. ലോകമെങ്ങും ചിതറിക്കിടന്ന ജൂതര്‍ക്ക് പലസ്തീനില്‍ രാഷ്ട്രമുണ്ടാക്കാന്‍ ബ്രിട്ടന്‍ ശ്രമം തുടങ്ങിയതോടെ അവിടെ അസ്വാരസ്യം തുടങ്ങി. 1920 കളിലും നാല്‍പതുകളിലും പലസ്തീനിലേക്ക് ജൂതന്‍മാരുടെ പ്രവാഹം തന്നെയുണ്ടായി. കൂട്ടക്കൊല ഭയന്ന് യൂറോപ്പില്‍ നിന്നും നിരവധിപേര്‍ ഇക്കാലത്ത് പലസ്തിനില്‍ അഭയംതേടിയെത്തി.
 
വിഭാഗീയത അനുദിനം രൂക്ഷമായി വന്നു. 1947 ല്‍ പലസ്തീനെ വിഭജിച്ച് ജെറുസലേം കേന്ദ്രമാക്കി ജൂതന്‍മാര്‍ക്കായി ഒരു രാജ്യവും അറബ് വംശജര്‍ക്കായി മറ്റൊരു രാജ്യവും സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ വോട്ടിട്ടു. ജൂതര്‍ ഇതിനെ തുണച്ചുവെങ്കിലും അറബ് വംശജര്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ പദ്ധതി പാളി.
 
1948 ല്‍ ബ്രിട്ടണ്‍ പിന്‍മാറുകയും ഇസ്രയേല്‍ എന്ന രാജ്യം നിലവില്‍ വന്നതായി ജൂതന്‍മാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്ത് പലസ്തീനികള്‍ രംഗത്തുവന്നതോടെ യുദ്ധമായി. സമീപത്തെ അറബ് രാജ്യങ്ങള്‍ പലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സൈന്യത്തെ അയച്ചു. ആയിരക്കണക്കിന് പലസ്തീനികള്‍ പലായനം ചെയ്തു. ഒടുവില്‍ 1949ലെ ഉടമ്പടി  അനുസരിച്ച് ഗാസ മുനമ്പിന്റെ നിയന്ത്രണം  ഈജിപ്ത് ഏറ്റെടുത്തു.
 
1956 ല്‍ സൂയസ് കനാലിന്റെ ദേശസാല്‍ക്കരണത്തോടെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. കനാല്‍ ദേശസാല്‍ക്കരണം വഴി ഇസ്രയേലിന്റെ കപ്പല്‍നീക്കങ്ങള്‍ തടസപ്പെട്ടു. ഇതോടെ ഇസ്രയേല്‍ സിനായും ഗാസ മുനമ്പും പിടിച്ചെടുത്തു. സൈന്യത്തെ പിന്‍വലിക്കണമെന്ന് നവംബറില്‍ യുഎന്‍ ഇസ്രയേലിനോടും ബ്രിട്ടനോടും ഫ്രാന്‍സിനോടും ആവശ്യപ്പെട്ടു. അങ്ങനെ 1957 ജനുവരിയില്‍ ഗാസ മുനമ്പൊഴികെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങി. ഗാസ ഒരിക്കലും ഈജിപ്തിന്റേതായിരുന്നില്ലെന്നും ഇസ്രയേല്‍ വാദിച്ചു.
 
1967 ലെ ആറു ദിവസത്തെ യുദ്ധത്തോടെ ഇസ്രയേല്‍ സിനായിലും ഗാസ മുനമ്പിലും ആധിപത്യം ഉറപ്പിച്ചു. അതിലും വലുത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 1976 ലെ 19 ദിവസം നീണ്ട യോം കിപ്പോര്‍ യുദ്ധത്തില്‍ 2,700 ഇസ്രയേലി സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരങ്ങള്‍ക്ക് മാരകമായി പരുക്കേറ്റു. ഈജിപ്തും സിറിയയുമായിരുന്നു അന്ന് ആക്രമണം നടത്തിയത്.
 
വര്‍ഷങ്ങള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ 1979  മാര്‍ച്ച് 26 ന് ഈജിപ്തും ഇസ്രയേലും വൈറ്റ്ഹൗസില്‍ വച്ച് സമാധാന ഉടമ്പടിയിലെത്തി. സിനായ് ഉപദ്വീപില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണായി പിന്‍മാറി. പലസ്തീന്‍ ജനതയ്ക്ക് സ്വയംഭരണം അനുവദിക്കപ്പെട്ടു. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ യുഎസ് പ്രസിഡന്റായിരുന്ന  റൊണാള്‍ഡ് റീഗന്‍ പലസ്തീന് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചെങ്കിലും ഇസ്രയേല്‍ അത് തള്ളി.
 
1987ലാണ് ഹമാസിന്റെ പിറവി. വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള പലസ്തീനികള്‍ ഇസ്രയേലിനെതിരെ സംഘടിച്ചു. മുസ്​ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ ഹമാസ് രൂപംകൊണ്ടു. രണ്ട് രാജ്യങ്ങളുണ്ടാക്കി പ്രശ്നം പരിഹരിക്കാമെന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും ഹമാസ് ഇത് തള്ളി.
 
1993ലെ ഓസ്​ലോ ചര്‍ച്ചകള്‍ അവഗണിച്ച് ഇസ്രയേലില്‍ ഹമാസ് ചാവേറാക്രമണങ്ങള്‍ തുടര്‍ന്നു. 1997 ലെ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 27 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഹമാസിനെ മുച്ചൂടും മുടിക്കുവോളം യുദ്ധം തുടരുമെന്ന് അന്നത്തെ പ്രധാനമന്ത്രി ഷിമോണ്‍ പെരെസ് പ്രഖ്യാപിച്ചു.  മൂന്ന് വര്‍ഷത്തിന് ശേഷം സ്ഥിതി വീണ്ടും രൂക്ഷമായി. പലസ്തീനി യുവാക്കള്‍ ഇസ്രയേലി പൊലീസിനെ കല്ലെറിഞ്ഞതായിരുന്നു തുടക്കം. യുവാക്കള്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചതോടെ പോരാട്ടം വീണ്ടും കനത്തു.
 
2005 സെപ്റ്റംബറോടെ ഗാസയില്‍ നിന്ന് ഇസ്രയേലി സൈന്യം പുറത്താക്കപ്പെട്ടു. ഗാസ മുനമ്പിലൂടെയുള്ള പലസ്തീനികളുടെ പോക്കുവരവ് ഇസ്രയേല്‍ തടസപ്പെടുത്തിയത് വ്യാപക വിമര്‍ശനത്തിനിടയാക്കി.
 
പലസ്തീന്‍ നേതാവായിരുന്ന യാസര്‍ അറാഫത്തിന്റെ മരണത്തിന് പിന്നാലെ ഹമാസ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2007 ല്‍ ഗാസ പിടിച്ചടക്കി. പ്രതികാരമെന്നോണം 2008 ഡിസംബറില്‍ ഇസ്രയേല്‍ റോക്കറ്റാക്രമണം നടത്തി. 200 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി. തുടര്‍ന്ന് അടുത്ത യുദ്ധം. 1200 പലസ്തീനികളും 13 ഇസ്രയേലി പൗരന്‍മാരും കൊല്ലപ്പെട്ടു.
 
2009 ജനുവരിയില്‍ ഇസ്രയേലും പലസ്തീനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇസ്രയേല്‍ ഗാസയില്‍ നിന്ന് പിന്‍മാറി. ഗാസ മുമ്പിന്റെ പരിധിയിലേക്ക് സൈന്യ വിന്യാസം ചുരുക്കി.  സമാധാനം അധികകാലം നീണ്ടില്ല 2012 നംവബറില്‍ ഹമാസ് സൈനിക തലവനായിരുന്ന അഹ്മദ് അല്‍ ജാബ്രിയെ ഇസ്രയേല്‍ വധിച്ചു. തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ നൂറ്റിയന്‍പതിലേറെ പലസ്തീനികളും ആറ് ഇസ്രയേലികളും കൊല്ലപ്പെട്ടു.
 
2014 ല്‍ ഇസ്രയേലികളായ മൂന്ന് കൗമാരക്കാരെ ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തുടര്‍ന്നുണ്ടായ  ആക്രമണ പ്രത്യാക്രമണങ്ങളില്‍ 1881ലേറെ പലസ്തീനികള്‍ക്കും അറുപതിലേറെ ഇസ്രയേലികള്‍ക്കും ജീവന്‍ നഷ്ടമായി. ഗാസയെയും ഇസ്രയേലിനെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തിവേലിക്കരികെ പ്രതിഷേധിച്ച 170 പലസ്തീനികള്‍ പിറ്റേ വര്‍ഷം കൊല്ലപ്പെട്ടു.
 
2021 മേയ് മാസം മുസ്​ലിംകള്‍ പുണ്യസ്ഥലമായി കരുതുന്ന അല്‍ അക്സ പള്ളിയില്‍ ഇസ്രയേലി പൊലീസ് കയറി. തുടര്‍ന്ന് 11 ദിവസത്തെ യുദ്ധം. ഇരുന്നൂറിലേറെ പലസ്തീനികളും പത്തോളം ഇസ്രയേലികവും കൊല്ലപ്പെട്ടു.
 
2022 ലെ സംഘര്‍ഷത്തില്‍ വെസ്റ്റ് ബാങ്കില്‍ മാത്രം 166ലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ ഇടയ്ക്കിടെ ഹമാസ് ഭീകരാക്രമണങ്ങളും നടത്തിവന്നു. 2023 ജനുവരിയില്‍ കിഴക്കന്‍ ജറുസലേമിലെ സിനഗോഗിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴ് ഇസ്രയേലികളാണ് മരിച്ചത്. ഇപ്പോഴിതാ അയ്യായിരത്തിലേറെ മിസൈലുകളുമായി ഹമാസിന്റെ ആസൂത്രിത ആക്രമണം. ഇരുപക്ഷത്തുമായി അഞ്ഞൂറിലേറെ മരണം. പോരാട്ടം തുടരുകയാണ്. അമേരിക്കയും ഇന്ത്യയും ജര്‍മനിയും ബ്രിട്ടണും ഫ്രാന്‍സുമെല്ലാം ഇസ്രയേലിന് പരസ്യമായി പിന്തുണച്ചു. അറബ് രാജ്യങ്ങളുടെ പിന്തുണ എക്കാലത്തെയും പോലെ പലസ്തീന് തന്നെയാണ്.
 
പലസ്തീനില്‍ ഒന്നും അവസാനിച്ചിട്ടില്ലെന്ന് മിന്നലാക്രമണത്തിലൂടെ ഹമാസ് പറയുന്നു. നൂറ്റാണ്ടിലേറെയായി പുകയുന്ന പ്രശ്നത്തിന് പരിഹാരമെന്താണ്? സമാധാനമെന്ന വാക്കുപോലും അപ്രസക്തമാക്കുന്ന ആക്രമണങ്ങള്‍. യുദ്ധം എക്കാലവും ആള്‍നാശവും വേദനകളും മാത്രമേ ലോകത്തിന് നല്‍കിയിട്ടുള്ളൂ.  ഇനിയെന്താവും സംഭവിക്കുകയെന്ന ആശങ്കയാണ് എവിടെയും ഉയരുന്നതും.

 

History of Israel- Palestine conflict

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.