khlaistan

TAGS

നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയ്ക്ക് ഇന്ത്യ ഇതുവരെ നല്‍കിയത് ഏഴ് ഖലിസ്ഥാന്‍ ഭീകരസംഘടനകളുടെ പട്ടിക. എന്നാല്‍ കാനഡ നിരോധിച്ചതാകട്ടെ വെറും രണ്ട് സംഘടനകളെ. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയ സംഘടനകളുടെ പട്ടിക തെളിവ് സഹിതം നല്‍കിയിട്ടും കാനഡ നടപടിയെടുത്തിട്ടില്ല. 

 

ബാബര്‍ ഖല്‍സ ഇന്‍റര്‍നാഷനല്‍, ഇന്‍റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളെ 2003ലാണ് കാനഡ നിരോധിച്ചത്. ഇന്ത്യ നല്‍കിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ഈ സംഘടനകളെ നിരോധിച്ചതും ഭീകരപ്പട്ടികയില്‍പ്പെടുത്തിയതും. 2018ല്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് കനേഡിയന്‍ ഭീകരവിരുദ്ധ വിഭാഗം തീരുമാനിച്ചു. എന്നാല്‍ ഈ രണ്ട് ഭീകരസംഘടനകള്‍ക്ക് പുറമെ, സിഖ് ഫോര്‍ ജസ്റ്റിസ്, ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ്, ഖലിസ്ഥാന്‍ സിന്‍ദാബാദ് ഫോഴ്സ്, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ്, ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് എന്നീ സംഘടനകളെയും ഭീകരപ്പട്ടികയില്‍പ്പെടുത്തി നിരോധിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും അമേരിക്കയിലും യൂറോപ്പിലും പാക്കിസ്ഥാനിലും വരെ അനുഭാവികളുള്ള ഈ സംഘടനകള്‍ക്കെതിരെ കാനഡ ചെറുവിരല്‍ അനക്കിയിട്ടില്ല. ഇന്ത്യ നിരോധിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയും അതിന്‍റെ തലവന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവുമാണ് നിലവില്‍ കാനഡയിലിരുന്ന്,,,, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതില്‍ പ്രധാനി.