vikramdoraiswami-30

ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ സ്കോട്​ലന്‍ഡിലെ ഗുരുദ്വാരയില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്ക് പ്രവേശന വിലക്ക്. യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായ വിക്രം ദൊരൈസ്വാമിയെയാണ് ഒരു സംഘം തീവ്ര സിഖ് ആക്ടിവിസ്റ്റുകള്‍ ഗുരുദ്വാരയില്‍ പ്രവേശിപ്പിക്കാതിരുന്നത്. ആല്‍ബര്‍ട് ഡ്രൈവിലെ ഗ്ലാസ്ഗോ ഗുരുദ്വാര സമിതിയുമായുള്ള യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിക്രം ദൊരൈസ്വാമി. ഇന്ത്യന്‍ പ്രതിനിധിയെ ഗുരുദ്വാരയ്ക്കുള്ളില്‍ കടത്താന്‍ പറ്റില്ലെന്ന് ഖലിസ്ഥാന്‍ അനുകൂലികളായ ഒരുസംഘം നിലപാടെടുത്തതോടെ നേരിയ വാക്കേറ്റമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുദ്വാരയിലേക്ക് ഇന്ത്യന്‍ പ്രതിനിധി കാറില്‍ വന്നെത്തുന്നതും ഉടന്‍ പ്രതിഷേധക്കാരില്‍ രണ്ടുപേര്‍ ഓടിയെത്തി കാര്‍ ഗ്ലാസിലിടിക്കുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

 

നിജ്ജറുടെ മരണത്തെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലെ സിഖുകാര്‍ ബുദ്ധിമുട്ടിലാണെന്നും തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കുന്നുണ്ടെന്നും ഖലിസ്ഥാന്‍വാദികളിലൊരാള്‍ രാജ്യാന്തരമാധ്യമങ്ങളോട് പ്രതികരിച്ചു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പ്രതിനിധികളെ യു.കെയിലെ ഒരു ഗുരുദ്വാരകളിലും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

സെപ്റ്റംബര്‍ പതിനെട്ടിന് കനേഡിയന്‍ പാര്‍ലമെന്റിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിവാദ പ്രസ്താവന നടത്തിയത്. നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍റുമാര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ സാരമായ വിള്ളല്‍ വീണിരുന്നു. 

 

Indian envoy denied entry to gurdwara in Scotland

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.