ലിബയയിലെ പ്രളയത്തില്‍ മരണം 20,000 കടന്നേക്കുമെന്ന് സര്‍ക്കാര്‍. ആറായിരത്തിലധികം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പതിനായിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ രാജ്യം പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലുമാണ്. ഡെര്‍ന നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. അവിടെ ഇപ്പോള്‍ വെള്ളമിറങ്ങിത്തുടങ്ങി. എന്നാല്‍ എങ്ങും അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഒപ്പം അതിരൂക്ഷമായ ദുര്‍ഗന്ധവും.
ഡെര്‍ന നഗരത്തില്‍ ഇപ്പോള്‍ നടക്കുന്നത് രക്ഷാപ്രവര്‍ത്തനമല്ല. മറിച്ച് മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കാനുള്ള ശ്രമങ്ങളാണ്. വലിയ കുഴികളെടുത്ത് നൂറുകണക്കിന് ശരീരങ്ങള്‍ ഒരുമിച്ച് കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഡെര്‍നയിലെ ഡാം തകര്‍ന്ന് ഒഴുകിപ്പോയവരുടെ ജീവനറ്റ ശരീരം ദിവസവും കടല്‍ കരയില്‍ കാണാം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും കടപുഴകിയ മരങ്ങള്‍ക്കുമിടയില്‍ അടിഞ്ഞുകിടക്കുന്ന മൃതദേഹങ്ങള്‍ വേറെയും കാണാം. മരണം 18,000 മുതല്‍ 20,000 വരെ ആയി ഉയര്‍ന്നേക്കാമെന്ന് ഡെര്‍ന മേയര്‍ തന്നെ അറിയിച്ചു. പകര്‍ച്ചവ്യാധിയാണ് രാജ്യം ഇനി നേരിടാന്‍ പോകുന്ന പ്രധാന ഭീഷണി. ശുദ്ധജലക്ഷാമവും അതിരൂക്ഷമാണ്. മരുന്നോ ഭക്ഷണമോ അവശ്യവസ്തുക്കളോ കിട്ടാനില്ല. മുപ്പതിനായിരത്തിലധികം പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടു. സഹായവുമായി വിവിധ രാജ്യങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും റോഡുകള്‍ തകര്‍ന്ന് ഒറ്റപ്പെട്ട ഡെര്‍ന നഗരത്തിന്റെ പലഭാഗത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലും സാധിച്ചിട്ടില്ല. അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കിഴക്കന്‍ മേഖലയിലെയും പടിഞ്ഞാറന്‍ മേഖലയിലെയും ഭരണകൂടങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Libya drowned in flood; The death toll will exceed 20,000