മെക്സിക്കന്‍ പാര്‍ലമെന്റില്‍ ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക സെഷന്‍ അരങ്ങേറി. അന്യഗ്രഹ ജീവികളുടേതെന്ന് അവകാശപ്പെടുന്ന മൃതശരീരങ്ങള്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ചു. ഗവേഷകരും ശാസ്ത്രജ്ഞരും ഈ പ്രത്യേക ഹിയറിങ്ങില്‍ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചു. പറക്കുംതളികളെക്കുറിച്ചും അന്യഗ്രഹ ജീവികളെക്കുറിച്ചും പതിറ്റാണ്ടുകളായി പഠനം നടത്തുന്ന മെക്സിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയ്മി മോസന്‍ ആണ് ഇതിന് നേതൃത്വം നല്‍കിയത്. യുഎസ്, ജപ്പാന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഒപ്പമുണ്ടായിരുന്നു.
കുട്ടികളുടേതുപോലെ തോന്നിക്കുന്ന രണ്ട് ശരീരങ്ങളാണ് പ്രത്യേകം സജ്ജീകരിച്ച പെട്ടികളില്‍ പ്രദര്‍ശിപ്പിച്ചത്. ലോഹശില്‍പങ്ങള്‍ പോലെ തോന്നിക്കുന്ന പ്രത്യേക ആകൃതിയിലുള്ള തലയും മുഖവുമാണ് ഇവയ്ക്കുള്ളത്. കൈകളില്‍ മൂന്ന് വിരലുകള്‍ വീതമാണുള്ളത്. പെറുവിലെ നാസ്ക മരുഭൂമിയില്‍ നിന്ന് 2017ല്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ക്ക് ആയിരം വര്‍ഷം പഴക്കമുണ്ടെന്ന് മോസന്‍ പറഞ്ഞു. മെക്സിക്കോയിലെ നാഷണല്‍ ഓട്ടണമസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇവയുടെ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയത്.
ഉണങ്ങി മരവിച്ച മൃതദേഹങ്ങളുടെ രൂപത്തേക്കാളും പഴക്കത്തേക്കാളും അമ്പരപ്പിക്കുന്നത് അവ മനുഷ്യരുടെതല്ല എന്ന മോസന്റെ നിലപാടാണ്. ഭൂമിയിലെ ഒരു ജീവജാലങ്ങളിലുമുള്ള ഘടകങ്ങളല്ല ഇവയിലുള്ളതെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തിയെന്ന് മോസന്‍ അവകാശപ്പെട്ടു. അന്യഗ്രഹ ജീവികള്‍ ഉണ്ട് എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണിതെന്നും ഏത് ശാസ്ത്രഗവേഷണ സ്ഥാപനത്തിനും ഇക്കാര്യം പരിശോധിച്ച് തുടരന്വേഷണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് ഹിയറിങ്ങിന് പിന്നാലെ നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്സിറ്റി വാര്‍ത്താക്കുറിപ്പിറക്കി. മൃതദേഹങ്ങളുടെ പഴക്കം മാത്രമാണ് പരിശോധിച്ചതെന്നും അവയുടെ ഉറവിടമടക്കമുള്ള കാര്യങ്ങള്‍ പഠിച്ചിട്ടില്ലെന്നുമുള്ള 2017ലെ നിലപാട് ആവര്‍ത്തിക്കുകയാണ് സര്‍വകലാശാല ചെയ്തത്. ആകാശസുരക്ഷയ്ക്കുവേണ്ടി വാദിക്കുന്ന സന്നദ്ധസംഘടനയായ അമേരിക്കാസ് ഫോര്‍ സേഫ് ഏറോസ്പേസ് മേധാവി റ്യാന്‍ ഗ്രേവ്സും ഹിയറിങ്ങില്‍ പങ്കെടുത്തു. ആകാശത്തുണ്ടാകുന്ന തിരിച്ചറിയാന്‍ കഴിയാത്ത സംഭവങ്ങള്‍ (Unidentified Anomalous Phenomena) മുന്‍ഗണാടിസ്ഥാനത്തില്‍ പഠനവിധേയമാക്കേണ്ടത് വ്യോമസുരക്ഷയ്ക്കും സുതാര്യതയ്ക്കും അത്യാവശ്യമാണെന്ന് ഗ്രേവ്സ് പറഞ്ഞു.
പറക്കുംതളികകളെക്കുറിച്ചും മനുഷ്യരല്ലാത്തവരുടെ സാന്നിധ്യത്തെക്കുറിച്ചും അമേരിക്കന്‍ ഭരണകൂടത്തിന് 1930കള്‍ മുതല്‍ അറിവുണ്ടെന്ന് മുന്‍ യുഎസ് എയര്‍ഫോഴ്സ് ഇന്റലിജന്‍സ് ഓഫിസര്‍ യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കി രണ്ടുമാസത്തിനുശേഷമാണ് മെക്സിക്കന്‍ കോണ്‍ഗ്രസില്‍ അന്യഗ്രഹജീവികളുടേതെന്ന് അവകാശപ്പെടുന്ന മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
പെറുവിലെ തീരദേശമായ നാസ്കയിലെ മരുഭൂമിയില്‍ മണ്ണില്‍ ആഴത്തില്‍ പുതഞ്ഞുകിടന്ന മൃതദേഹങ്ങള്‍ 2017ലാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് മലകള്‍ പോലെയുള്ള മണ്‍കൂനകളില്‍ നിന്ന് ചില വിചിത്രമായ രൂപങ്ങള്‍ എഴുന്നുനില്‍ക്കുന്നത് കാണാം. ഇവ പണ്ട് ഇവിടെ നിലനിന്ന പ്രാദേശിക സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് കരുതുന്നത്. ജെയ്മി മോസന്‍ അക്കാലത്തും പെറുവില്‍ സമാനമായ അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ പെറുവിലെ പ്രോസിക്യൂട്ടര്‍ ഓഫിസ് വെളിപ്പെടുത്തിയത് അവ കൃത്രിമമായി നിര്‍മിച്ച രൂപങ്ങളാണെന്നായിരുന്നു. അതേ രൂപങ്ങള്‍ തന്നെയാണോ മെക്സിക്കോ പാര്‍ലമെന്റില്‍ മോസനും സംഘവും അവതരിപ്പിച്ചതെന്ന് വ്യക്തമല്ല.
എതായാലും ഇതോടെ പറക്കുംതളികകളെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ലോകമെങ്ങും ചൂടുപിടിച്ചു. 2022ല്‍ നാസ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി വരുന്നതോടെ കാര്യങ്ങള്‍ പിന്നെയും രസകരമാകും. മോസന്റെയും സംഘത്തിന്റെയും വാദങ്ങളില്‍ മെക്സിക്കന്‍ പാര്‍ലമെന്റ് നിലപാടെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ചിന്തകളും ചര്‍ച്ചകളും തുടരും എന്നുമാത്രമാണ് സര്‍ക്കാര്‍ വക്താവ് സെര്‍ജിയോ ഗുട്ടെറസ് പറഞ്ഞത്. അതുതന്നെയാണ് ലോകത്തെങ്ങും ഇനിയും സംഭവിക്കുക.
Mexican Congress holds hearing on UFOs featuring purported 'alien' bodies; scientists call fraud on supposed extraterrestrials presented to Mexican Congress.