ലൈവ് വിഡിയോക്കിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം. ഹോങ്കോങില്‍ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയയിൽ നിന്നുള്ള യുവതിക്കുനേരെയാണ് കഴിഞ്ഞ ദിവസം യുവാവിന്‍റെ ലൈംഗികാതിക്രമം ഉണ്ടായത്. യുവതി സോഷ്യല്‍ മീഡിയയില്‍ ലൈവായി തന്‍റെ യാത്രകളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സംഭവം.
താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ സബ്‌വേയിലെ പടികളില്‍ വച്ച് യുവാവ് പിന്തുടരുകയായിരുന്നു. പിന്നാലെ പെട്ടെന്ന് യുവതിയുടെ കൈയ്യില്‍ കയറിപ്പിടിച്ച പ്രതി താന്‍ തനിച്ചാണെന്നും തന്നോടൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. പ്രതി യുവതിയെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. യുവതി സഹായത്തിനായി നിലവിളിച്ചപ്പോള്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു യാത്രക്കാരന്‍ യുവതിക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. എങ്കിലും അപ്പോഴേക്കും പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു.
അതേസമയം പ്രതി ഇന്ത്യക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം. പ്രതിയെ തിരിച്ചറിഞ്ഞ നെറ്റിസണ്‍സ് ഹോങ്കോങ്ങിലെ ഇന്ത്യൻ റെസ്റ്റോറന്റായ രാജസ്ഥാൻ റൈഫിൾസിലെ ജീവനക്കാരനാണ് പ്രതിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇയാള്‍ രാജസ്ഥാൻ റൈഫിൾസ് ടീമിന്റെയോ ബ്ലാക്ക് ഷീപ്പ് കമ്മ്യൂണിറ്റിയുടെയോ ഭാഗമല്ലെന്നാണ് റെസ്റ്റോറന്‍റ് അറിയിച്ചിരിക്കുന്നത് സംഭവത്തില്‍ റെസ്റ്റൊറന്‍റ് അപലപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ 46 കാരനായ പ്രതിയെ സെപ്റ്റംബർ 12 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെയിറ്ററായി ജോലി ചെയ്യുന്ന ഇയാളെ അസഭ്യം പറഞ്ഞതിനും പൊതു മര്യാദ ലംഘിച്ചതിനുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സെൻട്രൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഇൻസ്പെക്ടർ കോങ് വൈ-മിംഗ് പറഞ്ഞു.
Hong Kong police arrest waiter on suspicion of assaulting Korean visitor