യുക്രെയ്നില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 17 മരണം. 32 പേര്‍ക്ക് പരുക്കേറ്റു. ജനവാസ കേന്ദ്രത്തിലായിരുന്നു ആക്രമണം. യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ യുക്രെയ്നില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. അമേരിക്ക യുക്രെയ്ന് 100 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു.
ഡോണെസ്ക് മേഖലയിലെ കോണ്സ്റ്റാന്റിനീഫ്കയില് തിരക്കേറിയ മാര്‍ക്കറ്റിലാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെ റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് വ്യാപാര സമുച്ചയങ്ങള്‍, ഇരുപത് കടകള്‍, ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ ചിലഭാഗങ്ങള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നു. ഒട്ടേറെ വാഹനങ്ങളും അഗ്നിക്കിരയായി. കൊല്ലപ്പെട്ടവരില്‍ ചെറിയ കുട്ടികളും ഉള്‍പ്പെടും. യുക്രെയ്ന് കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിക്കാനായി യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കീവില്‍ എത്തിയ സമയത്തുതന്നെയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. അതേസമയം റഷ്യന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുക്രെയ്ന് പ്രധാനമന്ത്രി പറഞ്ഞു. കൊടും ക്രൂരതയെന്നാണ് പ്രസിഡന്റ് വലോദിമര്‍ സെലസന്ല്കി ആക്രമണത്തെ വിശേഷിപ്പിച്ചത്. സമീപകാലത്ത് യുക്രെയ്നില്‍ റഷ്യ നടത്തിയ ക്രൂരമായ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്.