
1997-ലെ കാർ അപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെടുമ്പോള്‍ കൂടെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ബിസിനസുകാരനും കോടീശ്വരനുമായ മുഹമ്മദ് അൽ ഫായിദിന്‍റെ മകന്‍ ഡോഡി അല്‍ ഫായിദ് ആയിരുന്നു അത്. ഡോഡിയുടെ മരണശേഷം രാജകുടുംബത്തിന് എതിരെ വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തിയ പിതാവ് മുഹമ്മദ് അൽ ഫായിദ് അന്തരിച്ചു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 1997 ഓഗസ്റ്റ് 31-ന് ലണ്ടനിൽ നടന്ന അപകടത്തിന്റെ 26-ാം വാർഷികത്തിന് കൃത്യം ഒരു ദിവസം മുമ്പ്, ബുധനാഴ്ചയാണ് അദ്ദേഹത്തിന്‍റെ മരണം.
ഡോഡിയും ഡയാനയും അംഗരക്ഷകൻ ഓടിച്ച മെഴ്‌സിഡസ് കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. പാപ്പരാസികൾ അതിവേഗത്തിൽ പിന്തുടരുമ്പോൾ അവരില്‍ നിന്ന് ഒഴിഞ്ഞുമാറി വേഗത്തില്‍ പോകാന്‍ ശ്രമിക്കവെയാണ് ദുരന്തം സംഭവിച്ചത്. അപകടത്തില്‍ ഡോഡിയും ഡയാനയും മരണപ്പെട്ടു. എന്നാല്‍ അംഗരക്ഷകൻ രക്ഷപ്പെട്ടിരുന്നു. മകന്‍റെ മരണത്തില്‍ തളര്‍ന്നു പോയ പിതാവ് രാജകുടുംബത്തിനെതിരെ ശക്തമായി രംഗത്തെത്തി.
ഡോഡിയെയും ഡയാനയേയും രാജകുടുംബം ആസൂത്രിതമായി കെലപ്പെടുത്തിയതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇരുവരുടെയും അപകട മരണത്തിന് പിന്നില്‍ അസ്വഭാവികതയെന്നുമില്ല എന്നായിരുന്നു പൊലീസിന്‍റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിന് വിരുദ്ധമായ തെളിവുകൾ കണ്ടെത്തുമെന്ന് അൽ-ഫായിദ് കോടതിയിൽ പ്രതിജ്ഞയെടുത്തു, സത്യം കണ്ടെത്തുന്നതിന് എല്ലാം നഷ്ടപ്പെടുകയാണെങ്കിൽപ്പോലും, ഞാൻ മരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
94 വയസ്സായിരുന്നു അൽ ഫായിദിന്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. മരണം സ്ഥിരീകരിച്ച് അൽ ഫായിദിന്റെ കുടുംബം വെള്ളിയാഴ്ച പ്രസ്താവനയിറക്കി. ഹാരോഡ്‌സ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ, പഞ്ച് മാഗസിൻ, കുർട്ട് ഗീഗർ ഷൂസുകളും അനുബന്ധ ഉപകരണങ്ങളും പോലെയുള്ള അനവധി ബിസിനസുകള്‍ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. മാൻഹട്ടനിലെ 75 റോക്ക്ഫെല്ലർ പ്ലാസയിലും ലണ്ടനിലെ ഹൈഡ് പാർക്ക് റെസിഡൻസ് അപ്പാർട്ടുമെന്റുകളിലും റിയൽ എസ്റ്റേറ്റ് സ്വത്തുക്കള്‍ സ്വന്തമാക്കി. എന്നാൽ തന്റെ മകന്റെ മരണത്തെ തുടര്‍ന്ന് രാജകുടുംബത്തിന് നേരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 2008-ൽ ഡയാനയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പങ്കെടുത്തപ്പോൾ അൽ-ഫായിദ് രാജകുടുംബത്തെ "ഡ്രാക്കുള കുടുംബം" എന്ന് വിളിച്ചിരുന്നു.