ഇന്ത്യയുടെ ചന്ദ്രയാന്‍3 ചന്ദ്രനിലിറങ്ങിയതിന്റെ ആഹ്ലാദം അയല്‍രാജ്യമായ പാക്കിസ്ഥാനും മറച്ചുവച്ചില്ല. എന്നാല്‍ ഇന്ത്യയുടെ നേട്ടത്തെ കുറിച്ചുള്ള പാക് യുവാവിന്റെ തമാശയും കാര്യവും നിറഞ്ഞ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാക്കിസ്ഥാനിലെ ജനങ്ങള്‍ പണ്ടേയ്ക്ക് പണ്ടേ ചന്ദ്രനിലാണ് ജീവിക്കുന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് യൂട്യൂബര്‍ ചോദിക്കുമ്പോള്‍ പാക്കിസ്ഥാനിലും ചന്ദ്രനിലും വെള്ളവും , ഇന്ധനവും വൈദ്യുതിയും ഇല്ലല്ലോ എന്നും പിന്നെ ഇനി ചന്ദ്രനിലേക്ക് പ്രത്യേകിച്ച് പോകേണ്ടതില്ലെന്നുമായിരുന്നു യുവാവ് വിശദീകരിച്ചത്.
ചിരിച്ച് തള്ളുന്നതിനപ്പുറം പാക്കിസ്ഥാന്റെ യാഥാര്‍ഥ്യമാണ് യുവാവ് വ്യക്തമാക്കിയതെന്ന് ആളുകള്‍ പ്രതികരിച്ചു. കടുത്ത പ്രതിസന്ധികളിലും പാക്കിസ്ഥാനികള്‍ നര്‍മബോധം വിടാത്തവരാണെന്നായിരുന്നു ഒരാള്‍ കുറിച്ചത്. സ്റ്റാന്‍ഡപ് കൊമേഡിയനാകാന്‍ ഇയാള്‍ക്ക് പറ്റുമെന്ന് മറ്റ് ചിലരും കുറിച്ചു.
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ വാനോളം പുകഴ്ത്തി പാക്കിസ്ഥാന്റെ മുന്‍ വാര്‍ത്താ വിതരണമന്ത്രി ഫവദ് ചൗധരി രംഗത്തെത്തിയിരുന്നു. ചന്ദ്രയാന്‍3 ചന്ദ്രനില്‍ ഇറങ്ങുന്നത് ദേശീയ ചാനലില്‍ ലൈവായി സംപ്രേഷണം ചെയ്യണമെന്നും ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചേരി തിരിഞ്ഞുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലുണ്ടായത്. ചൗധരിയുടെ പ്രസ്താവനയോട് യൂട്യൂബര്‍ പ്രതികരണം തേടുന്നതിനിടെയാണ് പാക് യുവാവിന്റെ വൈറല്‍ മറുപടിയെത്തിയത്.
ഇന്ത്യന്‍ നേട്ടത്തെ പാക് പത്രങ്ങളും പ്രശംസിച്ചു. പ്രമുഖ പത്രങ്ങളെല്ലാം ഇന്ത്യയുടെ ചന്ദ്രയാന്‍3 വിജയകരമായി ചന്ദ്രനിലിറങ്ങിയെന്നും ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായെന്നും പ്രധാന വാര്‍ത്തയായി നല്‍കിയിരുന്നു.
Already on Moon; Pak man's hilarious reaction to Chandrayaan-3 landing