
പാക്കിസ്ഥാനില്‍ കേബിള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ ലൈനുകള്‍ ഒന്ന് പൊട്ടി അപകടം. അപകടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച കേബിള്‍ കാറില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 10 നും 15 നും ഇടയിൽ പ്രായമുള്ള ഏഴു കുട്ടികളും ഒരു അധ്യാപകയുമാണ് കേബിള്‍ കാറിലുണ്ടായിരുന്നത്. പകൽ മുഴുവൻ മലയിടുക്കിൽ തൂങ്ങിക്കിടന്ന കേബിൾ കാറിൽ നിന്ന് നാല് കുട്ടികളെ പാകിസ്ഥാൻ സൈന്യം രക്ഷപ്പെടുത്തി. എങ്കിലും 12 മണിക്കൂറിലധികമായി കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുട്ടികളെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണ് അപകടം. സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു കേബിള്‍ കാറിലെ യാത്രക്കാര്‍. രാവിലെ 7 മണിയോടെ സ്കൂളിലേക്ക് പോകുമ്പോള്‍ 900 അടി മുകളില്‍ വച്ചാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ശക്തമായ കാറ്റ് വീശുന്നത് രക്ഷാദൗത്യം കൂടുതല്‍ സങ്കീർണ്ണമാക്കുകയാണ്. സമയം കടന്നു പോകുന്തോറും കുട്ടികളുടെ ആരോഗ്യനിലയും മോശമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കേബിള്‍ കാറിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാൻ ആർമിയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രക്ഷാദൗത്യം നടത്തുന്നത്. വീശിയടിക്കുന്ന കാറ്റു മൂലം രണ്ടു തവണ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവക്കേണ്ടി വന്നിരുന്നു.
അപകടത്തെ തുടര്‍ന്ന് എല്ലാ സ്വകാര്യ കേബിള്‍ കാര്‍ സര്‍വീസുകളിലും സുരക്ഷാ പരിശോധന നടത്താനും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും പാകിസ്ഥാൻ മന്ത്രി അൻവർ-ഉൽ-ഹഖ് കാക്കർ എക്സിലൂടെ അറിയിച്ചു. യാത്രക്കാരെ കയറ്റുന്ന കേബിൾ കാറുകള്‍ അപകടത്തില്‍ പെടുന്നത് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങളിൽ സാധാരണമാണ്. മുന്‍പ് ഇസ്ലാമാബാദിന് സമീപമുള്ള ഒരു പര്‍വത ഗ്രാമത്തിൽ ഇത്തരത്തില്‍ കേബിൾ പൊട്ടി മലയിടുക്കിലേക്ക് മറിഞ്ഞ് 10 യാത്രക്കാര്‍ മരിച്ചിരുന്നു.
Cable car accident in Pakistan; Rescue operations continue