File Photo(Reuters)
ആഭ്യന്തര കലാപം രൂക്ഷമായ സെന്‍ട്രല്‍ മാലിയിലെ മോപ്റ്റിയിലുണ്ടായ വെടിവയ്പില്‍ 21 നാട്ടുകാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ യാരു ഗ്രാമത്തിലേക്കെത്തിയ തോക്കുധാരികള്‍ നാട്ടുകാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റന്നാണ് അനൗദ്യോഗിക വിവരം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളുമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേക്കും ആരും ഏറ്റെടുത്തിട്ടില്ല. 2012 ലെ വിഘടനവാദികളുടെ കലാപം മുതല്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അസ്വാരസ്യങ്ങള്‍ പതിവാണ്. അല്‍ഖ്വയ്ദയുടെയും ഐഎസ് ഭീകരര്‍ മാലിയെ ഇടത്താവളമാക്കി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2020 ഓഗസ്റ്റ് മുതല്‍ രണ്ട് തവണയാണ് മാലിയില്‍ പട്ടാള അട്ടിമറിയുണ്ടായത്. പട്ടാളം അധികാരമേറ്റതിന് പിന്നാലെ പാശ്ചാത്യരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഭരണം പുനഃസ്ഥാപിക്കുന്നതിനായി റഷ്യയുടെ സഹായം തേടുകയും ചെയ്തിരുന്നു. രാജ്യത്തുള്ള യുഎന്‍ സമാധാനസംരക്ഷകരോട് രാജ്യം വിടാന്‍ സൈന്യം ജൂണില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ രാജ്യത്തെ ക്രമസമാധാനം വഷളാകുമെന്ന ആശങ്ക നിരീക്ഷകര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.