• പാര്‍ലമെന്റിന്റെ അംഗീകാരം കൂടി വേണം
  • പ്രായപൂര്‍ത്തിയായ വ്യക്തിക്ക് 25 ഗ്രാം വരെ കൈവശം വയ്ക്കാം
  • മൂന്ന് ചെടികള്‍ സ്വന്തമായി വളര്‍ത്താം
  • വളര്‍ത്താനും കൈവശം വയ്ക്കാനും ആദ്യം അനുമതി നല്‍കിയത് മാള്‍ട്ട

കഞ്ചാവ് ചെടികള്‍ വളര്‍ത്താനും ഉപയോഗം നിയമവിധേയമാക്കാനും ജനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ബില്ലിന് ജര്‍മന്‍ മന്ത്രിസഭയുടെ അംഗീകാരം. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് 25 ഗ്രാം വരെ (0.88 ഔണ്‍സ്) കഞ്ചാവ് കൈവശം വയ്ക്കാനും മൂന്ന് കഞ്ചാവ് ചെടികള്‍ വരെ സ്വന്തമായി വളര്‍ത്താനും കഞ്ചാവ് ശേഖരിക്കാനും ലാഭരഹിതമായുള്ള കഞ്ചാവ് ക്ലബുകളില്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കുന്നതാണ് ബില്‍. ബില്‍ പാര്‍ലമെന്റ് ഇതുവരേക്കും പാസാക്കിയിട്ടില്ല. ബില്ല് നിയമമാകുന്നതോടെ കരിഞ്ചന്തയിലെ വ്യാപാരത്തിന് തടയിടാനാകുമെന്നും ഉപയോക്താക്കളെ മായം കലര്‍ന്ന കഞ്ചാവ് ഉപയോഗിക്കുന്നതില്‍ രക്ഷിക്കാന്‍ കഴിയുമെന്നും ഒരു പരിധി വരെ ലഹരി കാരണമുള്ള കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്നും ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. 

 

ക‍ഞ്ചാവിന്റെ ഉപയോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനും  അതിന്റെ ദൂഷ്യഫലത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും അവബോധവും വളര്‍ത്താനും പുതിയ ബില്‍ സഹായിക്കുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലോറ്റര്‍ബച് പ്രതീക്ഷ പ്രകടിപ്പിച്ചു. ജര്‍മനിയിലെ ലഹരി നിയമത്തില്‍ സുപ്രധാന വഴിത്തിരിവാകും നിയമമെന്നും അനാരോഗ്യകരമായ രീതിയിലുള്ള ഉപയോഗം ചെറുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജര്‍മനിയില്‍ ഒരിക്കലെങ്കിലും കഞ്ചാവ് ഉപയോഗിച്ചിട്ടുള്ള യുവാക്കളുടെ എണ്ണം മുന്‍ ദശാബ്ദത്തെ അപേക്ഷിച്ച് 2021 ല്‍ ഇരട്ടിയായിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 

 

അതേസമയം പുതിയ ബില്ല്, കുത്തഴിഞ്ഞ ജീവിതത്തിലേക്ക് നയിക്കുന്നതാണെന്നും യുവാക്കളെ ലഹരിക്ക് അടിമകളാക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മരുന്നാവശ്യത്തിനായുള്ള കഞ്ചാവിന്റെ ഉപയോഗം 2017 മുതല്‍ ജര്‍മനി നിയമവിധേയമാക്കിയിട്ടുണ്ട്.  കഞ്ചാവ് വളര്‍ത്താനും കൈവശം വയ്ക്കാനും ആദ്യമായി അംഗീകാരം നല്‍കിയ യൂറോപ്യന്‍ രാജ്യം മാള്‍ട്ടയാണ്. 2021 ലാണ് മാള്‍ട്ട ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. പാര്‍ലമെന്റ് ബില്ല് പാസാക്കിയാല്‍ കഞ്ചാവ് വളര്‍ത്തലും ഉപയോഗവും നിയമവിധേയമാക്കിയ ആദ്യ വന്‍കിട യൂറോപ്യന്‍ രാജ്യമായി ജര്‍മനി മാറും. 

 

German cabinet passed landmark bill over legal cannabis use