
ജര്‍മ്മനിയില്‍ ഡസൽഡോർഫിൽ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഇന്നലെയാണ് സംഭവം. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ താമസിപ്പിച്ചിരിക്കുന്ന 13,000 പേരെ താല്‍ക്കാലികമായി ഒഴിപ്പിച്ചിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധ സമയത്ത് പ്രയോഗിച്ച പൊട്ടാതെ കിടന്ന ബോംബാണ് കണ്ടെത്തിയിരിക്കുന്നത്. പോലീസും ബോംബ് സ്ക്വാഡും ചേര്‍ന്ന് ബോംബ് നിർവീര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജർമ്മൻ വാർത്താ ഏജൻസിയായ ഡച്ച് വെല്ലെ അറിയിച്ചു.
ഡസൽഡോർഫിൽ സിറ്റി മൃഗശാലയ്ക്ക് സമീപമാണ് ഒരു ടൺ ഭാരമുള്ള ഷെൽ കണ്ടെത്തിയത്. ഡസൽഡോർഫിൽ ബോംബ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ താമസക്കാരോടും താല്‍ക്കാലികമായി ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടേക്കുള്ള റോഡുകളും താൽക്കാലികമായി അടച്ചു. എന്നാല്‍ എത്ര നാളേക്കാണ് നിയന്ത്രണങ്ങള്‍ എന്നോ എന്ന് ബോബ് നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.
2017ൽ ഫ്രാങ്ക്ഫർട്ടിൽ 1.4 ടൺ ഭാരമുള്ള ബോംബ് കണ്ടെത്തിയത് 65,000 പേരെ ഒഴിപ്പിക്കാൻ കാരണമായിരുന്നു. 2021 ഡിസംബറിൽ മ്യൂണിച്ച് സ്റ്റേഷന് സമീപം രണ്ടാം ലോക മഹായുദ്ധത്തിന്റെ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരുക്കേറ്റിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിൽ ഉപയോഗിച്ച ആയിരക്കണക്കിന് ബോംബുകൾ ഇപ്പോഴും ജർമ്മനിയിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പലപ്പോഴായിട്ട് പുറത്തുവന്നിട്ടുണ്ട്. യുഎസും ബ്രിട്ടീഷ് വ്യോമസേനയും യൂറോപ്പിൽ 2.7 ദശലക്ഷം ടൺ ബോംബുകൾ വര്‍ഷിച്ചതായാണ് കണക്കുകള്‍. അതില്‍ പകുതിയുമാകട്ടെ ജർമ്മനിയിലാണ് വര്‍ഷിച്ചത്. 1945 മെയില്‍ നാസി ഗവൺമെന്റിന് കീഴിലുള്ള ജര്‍മനി കീഴടങ്ങുമ്പോഴേക്കും നിരവധി നഗരങ്ങൾ ചാരമായി മാറിയിരുന്നു.
Bomb during World war 2 found in Germany