ഉഷ്ണതരംഗം ശക്തമായ ഗ്രീസില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കാട്ടുതീ പടരുന്നു. വോലോസ്, ലാമിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചു. റോഡ്സ് ദ്വീപില്‍ പടര്‍ന്നുപിടിച്ച തീ അണയ്ക്കാന്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും സാധിച്ചില്ല. രാജ്യത്ത് കാട്ടുതീയില്‍ ഇതുവരെ 40 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലി, അള്‍ജീരിയ എന്നിവിടങ്ങളിലും കാട്ടുതീ ശക്തമാണ്.
ഗ്രീസ് കത്തുകയാണ്. ആഴ്ചകള്‍ പിന്നിട്ടിട്ടും അണയ്ക്കാനാവുന്നില്ല, കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. ശക്തമായ കാറ്റുകൂടിയാവുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. റോഡ്സ്, കോര്‍ഫു, ഇവിയ ദ്വീപുകളിലാണ് കാട്ടുതീ വലിയ നാശം വിതച്ച് കത്തിക്കൊണ്ടിരിക്കുന്നത്. റോഡ്സില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ഇതിനോടകം ഒഴിപ്പിച്ചു. എന്നാല്‍ ദ്വീപില്‍ തുടരുന്ന ഗ്രാമവാസികളുടെ ജീവന്‍ ആപത്തിലാണ്. വോലോസിലും ലാമിയയിലും ആണ് പുതിയതായി കാട്ടുതീ പടര്‍ന്നത്. വോലോസില്‍ തീ പടരുന്നത് കണ്ട് ആടിനെ അഴിച്ചുവിടാന്‍ പോയ കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു. പലയിടത്തും നാലുഭാഗത്തുനിന്നും തീ പടരുന്നതിനാല്‍ രക്ഷാദൗത്യം ദുഷ്കരമാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെല്ലാം. ഗ്രീസിനൊപ്പം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കാട്ടുതീ വ്യാപകമാണ്. ഇറ്റലിയിലെ സിസിലി, പുഗ്ലിയ നഗരങ്ങള്‍ തീ പടര്‍ന്നു. സിസിലിയിലെ സെന്റ് ബെനഡിക്റ്റ് പള്ളി പൂര്‍ണമായി കത്തിനശിച്ചു. അള്‍ജീരിയയില്‍ 10 സൈനികരടക്കം 30 പേരാണ് കാട്ടുതീയീല്‍ മരിച്ചത്. രക്ഷാദൗത്യത്തിനിടെ തീയിലകപ്പെട്ടാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.