കിഴക്കൻ യുറുഗ്വേയുടെ തീരത്ത് രണ്ടായിരത്തോളം മഗല്ലനിക് പെൻഗ്വിനുകൾ ചത്തതായി റിപ്പോർട്ട്. കഴിഞ്ഞ പത്തുദിവസത്തിനിടയിലാണ് ഇത്രയും പെൻഗ്വിനുകൾ ചത്തത്. എന്നാൽ പെൻഗ്വിനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
അധികം പ്രായമാകാത്ത പെൻക്വിനുകളാണ് ചത്തവയിൽ അധികം. ഭക്ഷണം തേടിയിറങ്ങിയ സമയം വെള്ളത്തിൽ വീണ് ചത്തതാകാനാണ് സാധ്യതയെന്നാണ് ഒരു വിലയിരുത്തൽ. തെക്കൻ അർജന്റീനയിലാണ് ഈ പെൻഗ്വിനുകൾ കൂടുകൂട്ടുന്നത്. ശൈത്യകാലമാവുമ്പോൾ ഭക്ഷണവും ചൂടുവെള്ളവും തേടി ഇവ വടക്കോട്ട് കുടിയേറും. ബ്രസീലിയൻ പ്രദേശമായ എസ്പിരിറ്റോ സാന്റോയുടെ തീരത്തേക്കും ഇവ എത്താറുണ്ട്. പലായനം ചെയ്യുന്ന സമയത്ത് പെൻഗ്വിനുകൾ ചാകാറുണ്ടെങ്കിലും ഇത്ര അധികം ഇല്ലാതാകുന്നത് അപൂര്‍വമാണ്.
മഗല്ലനിക് പെൻഗ്വിനുകൾ വ്യപകമായ ഇല്ലാതാകാൻ കാരണം അനധികൃത മത്സ്യബന്ധനമാണെന്ന ആരോപണവുമായി പരിസ്ഥിതി സ്നേഹികൾ എത്തുന്നു. ഭക്ഷണമില്ലാതെ ആയിരക്കണക്കിന് മൃഗങ്ങളാണ് പ്രതിദിനം ഇല്ലാതാകുന്നതെന്നും അവർ ചൂണ്ടികാട്ടുന്നു.