ചിത്രം: BBC
ചൈനീസ് വിദേശകാര്യമന്ത്രി ചിന്‍ ഗാങിന്റെ തിരോധാനത്തില്‍ അഭ്യൂഹമേറുന്നു. ജൂണ്‍ 25നാണ് അവസാനമായി ചിന്‍ അവസാനമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇന്തൊനേഷ്യയില്‍ നടന്ന നയതന്ത്രയോഗത്തില്‍ ചിന്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. യൂറോപ്യന്‍ യൂണിയന്‍ വിദേശ നയതലവനായ ജോസഫ് ബറലുമായുള്ള ചിന്നിന്റെ കൂടിക്കാഴ്ചയും രണ്ടാഴ്ച മുന്‍പ് ചൈന അകാരണമായി ഒഴിവാക്കിയിരുന്നു. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രീഗ്രോ ഷീയെ കാണാനെത്തിയപ്പോഴും ചിന്നിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. വിദേശകാര്യമന്ത്രാലയത്തിലെ ചിന്നൊഴികെയുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നതോടെയാണ് തിരോധാനം അത്ര നിസാരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
കഴിഞ്ഞ ഡിസംബറില്‍ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ചിന്‍ ഗാങ് ദീര്‍ഘകാലമായി ഷീ ജിന്‍പിങിന്റെ വിശ്വസ്തനാണ്. അതുകൊണ്ട് തന്നെ ചിന്നിനെ കാണാതായത് നയതന്ത്രജ്ഞര്‍ക്ക് പുറമെ സാധാരണക്കാരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. ചിന്നിനെ കുറിച്ച് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു വിദേശകാര്യ വക്താവായ മാവോ നിങിന്റെ പ്രതികരണം. നിങിന്റെ ഈ പ്രതികരണത്തില്‍ കുറച്ച് പ്രശ്നങ്ങളുണ്ടെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍. വിവാഹേതര ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്നതിനെ തുടര്‍ന്നാണ് ചിന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നാണ് വ്യാപകമായി കേള്‍ക്കുന്ന അഭ്യൂഹങ്ങളിലൊന്ന്. അതേസമയം ഇത് അടിസ്ഥാനരഹിതമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഷീയ്ക്ക് ചിന്‍ അപ്രിയനായിട്ടുണ്ടാകാമെന്നും അതല്ലെങ്കില്‍ പാര്‍ട്ടിയിലെ അധികാരവടംവലിയുടെ ഭാഗമായാവാം പൊതുവിടത്തില്‍ നിന്നുള്ള ഈ അപ്രത്യക്ഷമാവല്‍ എന്നും ചിലര്‍ വാദിക്കുന്നു. അതേസമയം ചിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നും ചൈനയിലെ മന്ത്രിമാര്‍ക്കിടയിലും ഉന്നത നേതാക്കള്‍ക്കിടയിലും ഇടക്കാലത്തെ തിരോധനം പുത്തരിയല്ലെന്നും ചിലര്‍ പറയുന്നു. പ്രത്യേകിച്ച് കാരണമില്ലാതെ അപ്രത്യക്ഷമാകുന്നതും പിന്നീട് അതുപോലെ തന്നെ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും ഉന്നത നേതാക്കള്‍ക്കിടയില്‍ സാധാരണമാണെന്ന് മുന്‍സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഇവര്‍ പറയുന്നു. 2012 ല്‍ അധികാരമേറ്റതിന് പിന്നാലെ രണ്ടാഴ്ചത്തേക്കാണ് ഷീ ജിന്‍പിങ് അജ്ഞാതവാസം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ചിന്നിന്റെ തിരോധാനം ഇതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇതിപ്പോള്‍ 23 ദിവസം കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ബൈഡുവില്‍ ഒരാഴ്ചയ്ക്കിടെ ചിന്നിനെ കുറിച്ചുള്ള തിരച്ചിലില്‍ 5000 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ചിന്നിന്റെ അപ്രത്യക്ഷമാകല്‍ ലോകരാജ്യങ്ങളിലും ചര്‍ച്ചയാണ്. യുഎസിലെ ചൈനീസ് അംബാസിഡറായിരുന്നു മുന്‍പ് ചിന്‍. ദീര്‍ഘകാലം ഷീയുടെ വിദേശപര്യടനത്തിന്റെ ഏകോപനച്ചുമതലയും ചിന്‍ വഹിച്ചിട്ടുണ്ട്.
Chinese foreign minister Qin Gang is missing for 23 days