ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. മതനിന്ദയ്ക്കെതിരായ പ്രമേയത്തിനാണ് ഇന്ത്യ പിന്തുണ അറിയിച്ചത്. സ്വീഡനില്‍ നടന്ന ഖുര്‍ ആന്‍ കത്തിക്കല്‍ പ്രതിഷേധത്തിനെതിരായായിരുന്നു പ്രമേയം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ പാശ്ചാത്യരാജ്യങ്ങള്‍ പലതും മതനിന്ദയ്ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാട്ടുമ്പോഴാണ് ഇന്ത്യ പരസ്യമായി നിലപാട് സ്വീകരിച്ചത്.
ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പന്ത്രണ്ടിനെതിരെ 28 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. ഏഴ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പാക്കിസ്ഥാനും പലസ്തീനും മുന്‍കൈയെടുത്ത് കൊണ്ടുവന്ന പ്രമേയം ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യയും ചൈനയും മധ്യപൂര്‍വ രാജ്യങ്ങളും പിന്തുണയ്ക്കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികളെ തടയണമെന്നും സാഹോദര്യത്തിലും പാരസ്പര്യത്തിലുമാണ് മുന്നോട്ട് പോകേണ്ടതെന്നും പ്രമേയം പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയല്ല പ്രമേയമെന്നും വൈവിധ്യമാര്‍ന്ന സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ഉദ്ദേശമെന്നും വോട്ടെടുപ്പിന് ശേഷം പാക്കിസ്ഥാന്‍ അംബാസിഡല്‍ ഖലീല്‍ ഹഷ്മി വ്യക്തമാക്കി.
സ്വീഡനില്‍ ഖുര്‍ ആന്‍ കത്തിച്ച സംഭവത്തെ ശക്തമായി അപലപിക്കുന്നതായി അമേരിക്കന്‍ പ്രതിനിധി മിഷേല്‍ ടൈലര്‍ നേരത്തെ പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുസ്ലിം വിരുദ്ധത തടയാനുള്ള നിലപാടില്‍ ഏകനിലപാടിലേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു.
കഴിഞ്ഞയാഴ്ചയാണ് ബക്രീദ് ദിവസം സ്റ്റോക്ഹോമിലെ മോസ്കിന് പുറത്ത് ഇറാഖി ക്രിസ്ത്യന്‍ കുടിയേറ്റക്കാരന്‍ ഖുര്‍ ആന്‍ പരസ്യമായി കത്തിച്ചത്. ഖുര്‍ ആനോടുള്ള തന്റെ നിലപാടാണ് പരസ്യപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തീവ്ര വലതുപക്ഷ സംഘടനകള്‍ ഇയാള്‍ക്ക് പിന്തുണയുമായെത്തി. ഖുര്‍ ആനും, തോറയും, ബൈബിളും കത്തിച്ച് പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് സ്വീഡിഷ് പൊലീസും വെളിപ്പെടുത്തി. ലോകരാജ്യങ്ങള്‍ പ്രത്യേകിച്ചും മുസ്ലിം രാഷ്ട്രങ്ങള്‍ വലിയ പ്രതിഷേധമാണ് സ്വീഡനിലെ സംഭവത്തിനെതിരെ ഉയര്‍ത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതനിന്ദ നടത്തുന്നത് അപലപനീയമാണെന്നും നടപടി സ്വീകരിക്കണമെന്നും സ്വീഡനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അഭിപ്രായ സ്വതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന രാജ്യമാണ് സ്വീഡനെന്നും വിയോജിപ്പുള്ള അഭിപ്രായങ്ങള്‍ സമൂഹത്തില്‍ നിന്നുയരാമെന്നും ചിലരെയെങ്കിലും അത് മുറിവേല്‍പ്പിക്കുമെന്ന് മനസിലാക്കുന്നുവെന്നും നിയമത്തിനുള്ളില്‍ നിന്ന് ചെയ്യാന്‍ സാധിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു സ്വീഡിഷ് അധികൃതരുടെ പ്രതികരണം.
India supports Pakistan's resolution at UN panel condemning Sweden Quran burning