ഇന്നേവരെ കഴിച്ചിട്ടില്ലാത്ത ഭക്ഷണങ്ങള്‍ കഴിച്ചു പരീക്ഷിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.  ചേരയെ കഴിയ്ക്കുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം കഴിക്കണം എന്നും ചൊല്ലുണ്ട്. എന്നാലും ഭക്ഷണം കൊതിപ്പിക്കുന്നതിനു പിന്നില്‍ അതിന്റെ ഗന്ധവും കാഴ്ചയും എല്ലാം പ്രധാന ഘടകങ്ങളാണ്. ഇവിടെയിതാ ഈ പ്രത്യേക തരം ഭക്ഷണം കണ്ട് കഴിഞ്ഞാല്‍ തായ്‌വാന്‍കാര്‍ അല്ലാത്തവരെല്ലാം ഇറങ്ങിയോടാനാണ് സാധ്യത. അത്രയും ഭീകരമായൊരു കാഴ്ച. ഒരു ബൗള്‍ നിറയെ റെമെന്‍ ന്യൂഡില്‍സും ഒപ്പം മുതലയുടെ കാലും. അലങ്കാരത്തിന് രണ്ട് കോണും മുട്ടയും ബൗളിലുണ്ട്. എങ്കിലും മുതലയെ തല്ലിക്കൊന്നിട്ട പോലൊരു കാഴ്ചയാണ് മൊത്തത്തില്‍. ഈ വിചിത്ര ഡിഷ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. 4000 രൂപയാണ് ഈ ഹൈഫൈ ഫൂഡിന്റെ വില.  യൂന്‍ലിന്‍ കൗണ്ടിയിലെ ഡൗലിയു നഗരത്തിലെ നൂ വൂ മാവോ തുയേ എന്ന റെസ്റ്റോറെന്‍റിലാണ് ഈ പുത്തന്‍ റെസിപ്പി ഉണ്ടാക്കുന്നത്. 

ഇത് രുചിച്ചു നോക്കുന്ന ഒരു വനിതയുടെ വിഡിയോയും റെസ്റ്റോറന്റ് പങ്കുവെച്ചു. സൂപ്പര്‍ ഡെലീഷ്യസ് എന്നാണ് യുവതി പറയുന്നത്. ആവിയിലും വരട്ടിയുമാണ് ഈ മുതലമാംസം വേവിച്ചെടുക്കുന്നത്. ആവിയില്‍ വേവിച്ചതിന് ചിക്കന്റെ രുചിയാണെന്നും വരട്ടിയ മാംസത്തിനു പന്നിയിറച്ചിയുടെ സ്വാദാണെന്നും യുവതി പറയുന്നു. നാല്‍പ്പതോളം മസാലകള്‍ ചേര്‍ത്താണ് ഈ ഒന്നൊന്നര ഭക്ഷണം തയ്യാറാക്കുന്നത്. 

Taiwanese restaurant serves world’s most weirdest food