ചിത്രം: Google

മാനസികരോഗ ചികില്‍സയ്ക്കായി മാജിക് മഷ്റൂം, എം.ഡി.എം.എ എന്നിവയുടെ ഉപയോഗം നിയമവിധേയമാക്കി ഓസ്ട്രേലിയ. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം ചികില്‍സാ സംബന്ധമായ ആവശ്യത്തിനായി ഈ ലഹരിമരുന്നുകള്‍ എഴുതി നല്‍കാമെന്ന് തീരുമാനിക്കുന്നത്. ഇന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ (PTSD)  എന്ന അവസ്ഥയില്‍ നിന്നും വ്യക്തികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായാണ് ഇത് അനുവദിക്കുന്നതെന്ന് ഓസ്ട്രേലിയ തെറാപ്യുട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. ഇവയുടെ ഉപയോഗം രോഗികളില്‍ മാറ്റം വരുത്തിയതായി പരീക്ഷണത്തില്‍ തെളിഞ്ഞതോടെയാണ് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

വിദഗ്ധരായ വൈദ്യസംഘത്തിന്റെ നിര്‍ദേശപ്രകാരം നിയന്ത്രിതമായ അളവില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടരഹിതമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ലഹരിമരുന്നെന്ന നിലയിലുള്ള ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഉപയോഗത്തിന് മാത്രമാണ് അനുമതിയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷം ദീര്‍ഘനേരം നില്‍ക്കുന്നതിനായാണ് പാര്‍ട്ടികളില്‍ എം.ഡി.എം.എ എന്ന ലഹരിമരുന്ന് ആളുകള്‍ ഉപയോഗിച്ച് വന്നിരുന്നത്. ഹൃദ്രോഹം, ഓര്‍മക്കുറവ്, പരിഭ്രാന്തി, വിഷാദം എന്നിവയ്ക്ക് എം.ഡി.എം.എയുടെ ഉപയോഗം കാരണമായേക്കാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു. 1912 ല്‍  ജര്‍മന്‍ കമ്പനിയായ മെര്‍കയാണ് എം.ഡി.എം.എ ആദ്യമായി വികസിപ്പിച്ചെടുത്തത്. 

മാജിക് മഷ്റൂമില്‍ അടങ്ങിയ സൈലോസിബിലാണ് പിടിഎസ്ഡിയുടെ ചികില്‍സയ്ക്കായി ഉപയോഗിക്കുന്നത്. ലഹരിക്കൂണ്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, നിയന്ത്രിതമായ അളവില്‍ കൃത്യമായ മേല്‍നോട്ടം ഉറപ്പുവരുത്തി ഉപയോഗിച്ചാല്‍ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും വിഷാദത്തെയും ഉത്കണ്ഠയെയും നീക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കൂണിലെ സൈലോസിബിന്‍ തലച്ചോറിലെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ ക്രമപ്പെടുത്തുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നത്. 

 

Australia begins world-first psychedelic therapy