തകര്‍ന്നു ചരിത്രമായ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്ക് പോവാന്‍ പത്തൊന്‍പതുകാരന്‍ സുലൈമാന്‍ ദാവൂദിന് ഭയമായിരുന്നു. എന്നാല്‍ തന്റെ പിതാവിന്റെ സന്തോഷത്തിനായാണ് അവന്‍ പോയത്. ഒരിക്കലും തിരിച്ചുവരാത്തൊരു യാത്ര. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദിന്റെ മകനാണ് പത്തൊൻപതു വയസ്സുകാരനായ സുലൈമാൻ. ഗ്ലാസ്ഗോയിലെ സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ബിസിനസ് സ്കൂളിൽ ആദ്യവർഷ വിദ്യാർഥിയായിരുന്നു. ദുരന്തത്തിൽ ഷഹ്സാദയും കൊല്ലപ്പെട്ടു.
ഷഹ്സാദയുടെ മൂത്ത സഹോദരി അസ്മേ ദാവൂദാണ് യാത്ര പോകാൻ സുലൈമാനു ഭയമായിരുന്നെന്ന് വെളിപ്പെടുത്തിയത്. ‘‘യാത്രയ്ക്കായി സുലൈമാന്‍ പൂര്‍ണമായും തയാറായിരുന്നില്ല. യാത്രയെക്കുറിച്ച് ഉള്ളില്‍ ഭയമുണ്ടായിരുന്നു. എന്നാൽ ഫാദേഴ്‌സ് ഡേ കൂടിയായതിനാല്‍ സാഹസികതയില്‍ ഏറെ അഭിനിവേശമുള്ള തന്റെ പ്രിയപ്പെട്ട പിതാവിനെ സന്തോഷിപ്പിക്കാനാണ് സുലൈമാന്‍ ടൈറ്റന്‍ സമുദ്രപേടകത്തിൽ കയറുന്നത്. ടൈറ്റാനിക്കിനോടും സമുദ്ര പര്യവേഷണങ്ങളോടുമുള്ള അച്ഛന്‍റെ അടങ്ങാത്ത അഭിനിവേശമാണ് ഇരുവരെയും ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയിലേക്ക് നയിക്കുന്നതെന്ന് സുലൈമാന്റെ സഹോദരി പറഞ്ഞു.
‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. ലോകം മുഴുവൻ ഇത്രയധികം മാനസിക സംഘർഷത്തിലൂടെയും ആകാംക്ഷയിലൂടെയും കടന്നുപോകേണ്ടി വന്നതിൽ എനിക്ക് വളരെ വിഷമം തോന്നുന്നു.’’– രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുലൈമാന്റെ മാതൃസഹോദരി പറഞ്ഞു. ഒരു ദുഃസ്വപ്നത്തിൽ അകപ്പെട്ടതു പോലെയാണ് താനെന്നും അവരെക്കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും തന്റെ ശ്വാസം നിലയ്ക്കുന്നതുപോലെയാണ് അനുഭവപ്പെടന്നതും അവർ പറഞ്ഞു. ടൈറ്റനില്‍ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തിയ അഞ്ചു യാത്രക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് സുലൈമാൻ ദാവൂദ്.