TAGS

ചൈനയിൽ സൈന്യത്തെക്കുറിച്ച് തമാശ അവതരിപ്പിച്ച കോമഡി സംഘത്തിന് വൻ തുകയുടെ പിഴശിക്ഷ. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധപ്പെട്ട തമാശയുടെ പേരിൽ, ചൈനയിലെ ജനപ്രിയ കോമഡി സംഘമായ ഷാങ്ഹായ് സിയാഗുവോ കൾച്ചർ കമ്പനിക്കാണ് 14.7 മില്യൻ യുവാൻ (17.35 കോടിയോളം രൂപ) പിഴ ചുമത്തിയത്.

 

ചൈനീസ് സർക്കാരാണ് കമ്പനിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത്. ഇതിനു പുറമെ കമ്പനിയുടെ പേരിലുള്ള അനധികൃത സ്വത്തെന്നു കണ്ടെത്തിയ 1.35 മില്യൻ യുവാൻ (1.5 കോടിയിലധികം രൂപ) പിടിച്ചെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. സംഘത്തിൽപ്പെട്ട ലി ഹാവോഷി എന്ന കോമഡി താരമാണ് വിവാദ തമാശയ്ക്കു പിന്നിൽ. ഒരു കോമഡി ഷോയ്ക്കിടെ ലി ഹാവോഷി തന്റെ നായയുടെ പെരുമാറ്റത്തെ പട്ടാളച്ചിട്ടയോട് ഉപമിച്ചതാണ് വിവാദമായത്.

 

ഇത് സമൂഹത്തിൽ അപകടം വിതയ്ക്കുന്ന തരം തമാശയാണെന്നു വിലയിരുത്തിയാണ് നടപടി. അതേസമയം, മാനേജ്മെന്റ് മേഖലയിൽ വന്ന വലിയ പിഴവാണ് ഇത്തരമൊരു പ്രശ്നത്തിനു കാരണമെന്ന് കമ്പനി പ്രതികരിച്ചു. വിവാദ കോമഡിക്കു പിന്നിലുള്ള ലി ഹാവോഷിയുമായുള്ള കരാർ കമ്പനി അവസാനിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്.

 

മേയ് 13ന് ബെയ്ജിങ്ങിൽ ലി ഹാവോഷി നടത്തിയ സ്റ്റാൻഡ് അപ്പ് കോമഡി ഷോയാണ് വിവാദത്തിൽ കലാശിച്ചത്. സൈന്യവുമായി ബന്ധപ്പെട്ട ഈ തമാശ ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.