ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്നു വ്യക്തമാക്കി ഉടമ ഇലോൺ മസ്ക്. തനിക്കു പകരം സിഇഒ ആയി ഒരു വനിതയെ കണ്ടെത്തിയെന്നും ആറാഴ്ചകൾക്കുള്ളിൽ അവർ സ്ഥാനമേറ്റെടുക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തു. ചീഫ് ടെക്നോളജി ഓഫിസർ, എക്സിക്യൂട്ടീവ് ചെയർ എന്നീ സ്ഥാനങ്ങളിൽ തുടരുമെന്നും മസ്ക് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ 4400 കോടി യുഎസ് ഡോളർ നൽകി ട്വിറ്റർ സ്വന്തമാക്കിയതിനു പിന്നാലെയാണ് മസ്ക് സിഇഒ സ്ഥാനത്തെത്തിയത്.

മണിക്കൂറുകൾക്കു ശേഷം  എൻബിസി യൂണിവേഴ്സൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ചുമതലയേൽക്കുമെന്ന് മസ്ക് വ്യക്തമാക്കി. രാജ്യാന്തര മാധ്യമങ്ങളും വാർത്താ ഏജൻസികളും മസ്കിന്റെ ആദ്യ ട്വീറ്റിനു പിന്നാലെ യാക്കറിനോയുടെ പേര് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം മയാമയിൽ നടന്ന അഡ്വെർടൈസിങ് കോൺഫറൻസിനിടെ മസ്കും യാക്കറിനോയും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനമൊഴിയാൻ തയാറാണെന്ന് മസ്ക് മുൻപും വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റർ മേധാവിയായി താൻ തുടരണോ എന്ന ചോദ്യവുമായി ട്വിറ്ററിൽ വോട്ടെടുപ്പും നടത്തിയിരുന്നു. വോട്ടെടുപ്പിൽ 57.5% പേരും മസ്ക് തലപ്പത്തു വേണ്ടെന്ന അഭിപ്രായമാണു രേഖപ്പെടുത്തിയത്.

അമേരിക്കൻ മാധ്യമസ്ഥാപനമായ എൻബിസി യൂണിവേഴ്സലിന്റെ ഗ്ലോബൽ അഡ്വെർടൈസിങ് ആൻഡ് പാർട്നർഷിപ് ചെയർമാനാണ് നിലവിൽ ലിൻഡ യാക്കറിനോ. ട്വിറ്റർ സിഇഒ ആയി യാക്കറിനോ എത്തുമെന്ന് നേരത്തെതന്നെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മസ്കിന്റെ ആദ്യ ട്വീറ്റിനു പിന്നാലെ യാക്കറിനോയുടെ പേര് സജീവ ചർച്ചയാകാനുള്ള കാരണമിതാണ്. 2011ൽ ആണ് യാക്കറിനോ എൻബിസി യൂണിവേഴ്സലിലെത്തുന്നത്.

ആദ്യം കേബിൾ എന്റർടൈൻമെന്റിന്റെയും ഡിജിറ്റൽ അഡ്വൈർടൈസിങ് സെയിൽസ് ഡിവിഷന്റെയും പ്രസിഡന്റായിരുന്നു. കഴിഞ്ഞ വർഷമാണ് ചെയർമാൻ സ്ഥാനത്തെത്തുന്നത്. ഇതിനു മുൻപ് ടേണർ എന്റർടെയ്ൻമെന്റ് എന്ന കമ്പനിയിൽ 19 വർഷം ജോലി ചെയ്തു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് എൻബിസിയിലേക്കു മാറുന്നത്. പരസ്യമേഖലയിലെ ഡിജിറ്റൽ സാധ്യതകൾ കണ്ടെത്തുന്നതിലെ മികവ് ശ്രദ്ധേയമായി. പെൻ സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് ലിബറൽ ആർട്സ് ആൻഡ് ടെലികമ്യൂണിക്കേഷനിലാണു ബിരുദം.

Elon Musk welcomes Linda Yaccarino as new Twitter CEO