ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും രൂക്ഷമായ നിലയില്‍. ഗാസയില്‍നിന്ന് പലസ്തീന്‍ അനുകൂല സംഘടനകള്‍ 270 റോക്കറ്റുകള്‍ തൊടുത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ 50 കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ വ്യക്തമാക്കി.
ഗാസയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തിയത്. ഭൂരിഭാഗം റോക്കറ്റുകളും തകര്‍ക്കുകയോ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വീഴുകയോ ചെയ്തുവെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. അതേസമയം ഇസ്രയേല്‍ ഗാസ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ അഞ്ച് പലസ്തീന്‍കാര്‍ മരിക്കുകയും നാല്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് തയാറെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ നിര്‍ദേശിച്ചു. വെസ്റ്റ് ബാങ്കിലും സംഘര്‍ഷം രൂക്ഷമാണ്.