റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന സൂപ്പര്‍ മാര്‍ക്കറ്റ്, ചിത്രം: Twitter

വ്ളാഡിമിര്‍ പുട്ടിനെ ലക്ഷ്യമിട്ടുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയെന്നോണം യുക്രെയ്നിലെ ഖേഴ്സനില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് രണ്ട് വലിയ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ വ്യോമസേന നിരീക്ഷിച്ച് വരികയാണെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി. ഷെല്‍ട്ടറുകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കാമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. കീവ്, സുമി. ചെര്‍നിവ്, ഖര്‍കീവ്, ഒഡേസ എന്നിവിടങ്ങളിലുള്ളവരോടും ജാഗ്രതപാലിക്കാന്‍ സൈന്യം നിര്‍ദേശം നല്‍കി. 

അതേസമയം, പുട്ടിന് നേരെ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി നിഷേധിച്ചു. പുട്ടിനെയോ, മോസ്കോയെയോ ആക്രമിക്കുക യുക്രെയ്ന്‍റെ ലക്ഷ്യമല്ലെന്നും സ്വന്തം ഭൂമിക്ക് വേണ്ടിയാണ് സൈന്യം പൊരുതുന്നതെന്നും സെലന്‍സ്കി ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

21 killed as Russia attacks Kherson