ഗൂഗിളിലെ ജോലി രാജിവച്ച് നിര്‍മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ എന്ന് അറിയപ്പെടുന്ന ജെഫ്രി ഹിന്റൺ. ഗൂഗിളില്‍ നിന്നുള്ള രാജിക്ക് പിന്നാലെ നിര്‍മിത ബുദ്ധിയുടെ അപകടസാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പു കൂടിയാണ് അദ്ദേഹം നല്‍കിയത്. എഐയ്ക്ക് നിലവില്‍ മനുഷ്യ ബുദ്ധിയോളം കഴിവില്ല എങ്കിലും ഉടൻ തന്നെ ഇത് മനുഷ്യ ബുദ്ധിയെ മറികടക്കും എന്നും ആ സാഹചര്യം വളരെയധികം ഭയപ്പെടുത്തുന്നതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

 

വിവരങ്ങൾ പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും മനുഷ്യ മസ്തിഷ്കത്തിന് സമാനമായ സംവിധാനങ്ങളാണ് നിര്‍മിത ബുദ്ധിയിലെ ന്യൂറൽ നെറ്റ്‌വർക്കുകൾ. ഇത് ഒരു വ്യക്തി ചെയ്യുന്നതു പോലെ തന്നെ അനുഭവത്തിൽ നിന്ന് പഠിക്കാൻ നിര്‍മിത ബുദ്ധിയെയും സഹായിക്കുന്നു. ഇത്തരത്തില്‍ നിര്‍മിത ബുദ്ധി മനുഷ്യ മസ്തിഷ്കത്തിന്‍റെ നിലാവാരത്തെ മറികടന്നേക്കാം. കൂടാതെ സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് കാര്യങ്ങൾ വളരെ വേഗത്തിൽ തന്നെ സംഭവിച്ചേക്കാം എന്നും അഭിപ്രായമുണ്ട്. എഐ സാങ്കേതിക വിദ്യ മോശം ആളുകളുടെ കൈയ്യിലെത്തുന്ന സമയത്തെയും അദ്ദേഹം ഭയക്കുന്നുണ്ട്. അതിനാല്‍ തന്നെ നിര്‍മിത ബുദ്ധിയുടെ സുരക്ഷയിലും നിയന്ത്രണത്തിലും ലോകം അടിയന്തിരമായി നിക്ഷേപം നടത്തേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം ഗൂഗിളിനെ വിമർശിക്കാനല്ല മറിച്ച് ഗൂഗിളിൽ സ്വാധീനം ചെലുത്താതെ നിര്‍മിത ബുദ്ധിയെ കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനാണ് താൻ ഗൂഗിള്‍ വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ വളരെ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. നിര്‍മിത ബുദ്ധി, ചാറ്റ് ജിപിടി പോലുള്ള ഇന്നത്തെ ചാറ്റ്ബോട്ടുകളെ ശക്തിപ്പെടുത്തുന്ന എഐ സംവിധാനങ്ങള്‍ക്ക് ബൗദ്ധിക അടിത്തറ സൃഷ്ടിച്ചയാളാണ് ജെഫ്രി ഹിന്റൺ. ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം ഗൂഗിളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

 

Geoffrey Hinton quits Google