OperationKaveri2404

സുഡാനിലെ പ്രതിസന്ധി തുടരുമ്പോള്‍ അക്രമബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 'ഓപ്പറേഷൻ കാവേരി' ആരംഭിച്ചു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി കപ്പലുകളും വിമാനങ്ങളും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ കാവേരി പുരോഗമിക്കുകയാണ്, അഞ്ഞൂറോളം ഇന്ത്യക്കാർ പോർട്ട് സുഡാനിലെത്തിയിട്ടുണ്ടെന്നുമാണ് എസ് ജയശങ്കർ ട്വീറ്റ് ചെയ്തത്. രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ജിദ്ദയിലേക്ക് പോകും. നാവികസേനയുടെ െഎഎന്‍എസ് സുമേധ പടക്കപ്പലില്‍ ഇവരെ നാട്ടിലേയ്ക്ക് കൊണ്ടുവരും. 

 

വ്യോമസേനയുടെ രണ്ട് സി–130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയിലും സജ്ജമാക്കിയിട്ടുണ്ട്. അഞ്ചു ഇന്ത്യക്കാരെ ഫ്രാന്‍സിന്‍റെ വ്യോമസേന വിമാനത്തില്‍ ജിബൂട്ടിയിലെ സൈനികതാവളത്തിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 28 രാജ്യങ്ങളിലെ 388 പേരെയാണ് ഫ്രാന്‍സ് ഒഴിപ്പിച്ചത്. ഇന്ത്യക്കാരടക്കമുള്ള ചിലരെ സൗദി അറേബ്യ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചിരുന്നു. മൂവായിരത്തിലധികം ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് കണക്ക്.

 

യുഎസ്, യുകെ, സ്വീഡൻ, ഫ്രാൻസ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ അവരുടെ പൗരന്മ‍ാരെ സുഡാനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. ഈദിനോട് അനുബന്ധിച്ച് സുഡാനില്‍ വെടിനിർത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും യാഥാര്‍ഥ്യമായിരുന്നില്ല. സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടത്തിൽ ഇതുവരെ 420 ലധികം ആളുകൾ കൊല്ലപ്പെടുകയും 3,700-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

India launches Operation Kaveri to evacuate Indians form Sudan