തലമുടി മറയ്ക്കാതെ പൊതുവിടങ്ങളില്‍ ഇറങ്ങുന്ന സ്ത്രീകളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കാനൊരുങ്ങി ഇറാന്‍ ഭരണകൂടം. ശിരോവസ്ത്രമിടാത്ത സ്ത്രീകളെ കണ്ടെത്തുന്നതിനായി പൊതുസ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്തെത്തിയാല്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന സന്ദേശം സ്ത്രീകളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഹിജാബ് നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. 

 

പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് വലിയ പ്രക്ഷോഭമാണ് ഇറാനിലെങ്ങും ഉണ്ടായത്. അമിനിയ്ക്ക് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങളില്‍ പലരും ശിരോവസ്ത്രം ഉപേക്ഷിച്ചത് ഭരണകൂടത്തെ പ്രകോപിപ്പിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് സ്ഥാപിക്കുന്ന സ്മാര്‍ട്ട് ക്യാമറകള്‍ വഴി ഹിജാബ് ധരിക്കാത്തവരെ കണ്ടെത്തി അവരുടെ ഫോണുകളിലേക്ക് ആദ്യം സന്ദേശം അയയ്ക്കുകയും ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്നാണ് വിശദീകരണം. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ ശിരോവസ്ത്രം നിര്‍ബന്ധമായും ധരിക്കണമെന്ന നിയമം 1979 മുതലാണ് ഇറാന്‍ കര്‍ശനമായി നടപ്പിലാക്കിയത്. നിയമലംഘകര്‍ക്ക് പിഴയോ അറസ്റ്റോ ആയിരുന്നു ശിക്ഷ. 

 

ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്ക് നേരെ ഒരാള്‍ തൈര് എറിയുന്നതിന്റെ വിഡിയോ കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. 

 

Iran to install cameras to find women not wearing hijab