ബ്രിട്ടീഷ് രാജപദവി ഏറ്റെടുത്ത ശേഷം ആദ്യമായി വിദേശ സന്ദര്‍ശനം നടത്തുന്ന ചാള്‍സ് മൂന്നാമന്‍ രാജാവ് ജര്‍മന്‍ പാര്‍ലമെന്റായ ബുന്ദസ്റ്റാഗിനെ അഭിസംബോധന ചെയ്തു. റഷ്യ– യുക്രെയ്ന്‍ യുദ്ധത്തില്‍ ജര്‍മനി സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച ചാള്‍സ്, ബ്രിട്ടനും ജര്‍മനിയും തമ്മിലുള്ള പരമ്പരാഗത ബന്ധം ഓര്‍ത്തെടുത്തു. യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
ജര്‍മന്‍, ഇംഗ്ലീഷ് ഭാഷകള്‍ മാറി മാറി പറഞ്ഞ് ചാള്‍സ് മൂന്നാമന്‍ രാജാവ് നടത്തിയ അരമണിക്കൂര്‍ പ്രസംഗത്തെ എഴുന്നേറ്റുനിന്നാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വീകരിച്ചത്. ബ്രക്സിറ്റിനെ കുറിച്ചോ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ കുറിച്ചോ ചാള്‍സ് മൂന്നാമന്‍ പ്രസംഗത്തിലെവിടെയും പരാമര്‍ശിച്ചില്ല. എന്നാല്‍ യുക്രെയ്ന്‍– റഷ്യ യുദ്ധത്തില്‍ ബ്രിട്ടനും ജര്‍മനിയും സ്വീകരിച്ച നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു. യുക്രെയ്നെ സഹായിക്കുന്നതില്‍ നേതൃപരമായ പങ്ക് ഇരു രാജ്യങ്ങളും വഹിച്ചു.
യുക്രെയ്ന് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കാനുള്ള ജര്‍മന്‍ തീരുമാനം ധീരമാണ്. ജര്‍മനിയുമായുള്ള ബ്രിട്ടന്രെ പ്രത്യേക ബന്ധം പുനഃസ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ജര്‍മനിയില്‍ അഭയാര്‍ഥികളായി കഴിയുന്ന യുക്രെയ്ന്‍ പൗരന്‍മാര്‍ക്കൊപ്പം അല്‍പസമയം ചെലവഴിച്ചു. ജര്‍മനിയിലെ കാര്‍ഷിക വ്യാപാര കേന്ദ്രത്തിലും ഓര്‍ഗാനിക് ഫാമിലും സന്ദര്‍ശനം നടത്തി. ത്രിദിന ജര്‍മന്‍ സന്ദര്‍ശനത്തിലെ അവസാന ദിവസമായ നാളെ ചാള്‍സ് മൂന്നാമന്‍ ഹാംബര്‍ഗിലെത്തും.