വിവാദമൊഴിയാത്ത കോഹിന്നൂര്‍ രത്നം വിജയത്തിന്റെ പ്രതീകമെന്ന നിലയില്‍ പുതിയ ലണ്ടന്‍ ടവറില്‍ പ്രദര്‍ശനത്തിന് വയ്ക്കും. മേയ് മുതല്‍ പൊതുജനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും രത്നം കാണാന്‍ കഴിയുമെന്ന് കൊട്ടാരം മ്യൂസിയം മാനേജര്‍ വ്യക്തമാക്കി. കോഹിന്നൂരിന്റെ ചരിത്രവും പ്രത്യേകതകളുമടങ്ങുന്ന ദൃശ്യവിവരണവും ഇതോടൊപ്പം തയ്യാറാക്കും. 

 

കോഹിന്നൂര്‍ രത്നം പതിച്ച കിരീടം എലിസബത്ത് രാജ്ഞിയാണ് ധരിച്ചിരുന്നത്. രാജ്ഞിയുടെ കാലശേഷം ഈ കിരീടം ധരിക്കുന്നില്ലെന്ന് കാമില നയപരമായ തീരുമാനം എടുക്കുകയായിരുന്നു. കോഹിന്നൂര്‍ എലിസബത്ത് രാജ്ഞിയുമായി അത്രമേല്‍ ചേര്‍ന്നിരിക്കുന്നുവെന്നും വിജയത്തിന്റെയും, കിരീടവുമായി ബന്ധമുള്ള മുഗളന്‍മാരുടെയും സിഖ് രാജാക്കന്‍മാരുടെയും, ഇറാനിലെ ഷാ മാരുടെയുമെല്ലാം ചരിത്രവും ഇതിനൊപ്പം സന്ദര്‍ശകര്‍ക്ക് അറിയാനാവുമെന്നും അധികൃതര്‍ പറയുന്നു. 

 

രാജ്ഞിയുടെ കിരീടം ബ്രിട്ടീഷ് രാജവംശത്തിന്റെ പ്രൗഡിയും ഗരിമയും വിളിച്ചോതുന്നതാണെന്നും അത് മതപരവും ചരിത്രപരവും സാംസ്കാരികപരവുമായ വലിയ പാരമ്പര്യമുണ്ടെന്നും അഭിമാനപൂര്‍വമാണ് അത് ലോകത്തിന് മുന്നില്‍ വയ്ക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കോഹിന്നൂരിന് പുറമെ കള്ളിനന്‍ രത്നവും പ്രദര്‍ശനത്തിന് വയ്ക്കും. 1905 ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് 3,016 കാരറ്റുള്ള വജ്രം കണ്ടെത്തിയത്. ഇത് 9 വലിയ രത്നങ്ങളായും 96 ചെറിയ രത്നങ്ങളായും ഭാഗിക്കുകയായിരുന്നു. വലിപ്പമേറിയ രണ്ട് വജ്രക്കല്ലുകള്‍ ബ്രിട്ടീഷ് പരമാധികാരത്തെ ഓര്‍മപ്പെടുത്തുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്. 

 

Kohinoor to be cast as symbol of conquest at london new tower