MaryMcCoy1503

71 വർഷത്തിലേറെ നീണ്ട റേഡിയോ ജീവിതം കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി അമേരിക്കന്‍ വനിത. ടെക്സാസ് സ്വദേശിയായ 85 വയസ്സുകാരി മേരി മക്കോയ് ആണ് ഏറ്റവും കൂടുതല്‍ കാലം റേഡിയോ അവാതാരകയായി ഇരുന്ന വ്യക്തി എന്ന റെക്കോര്‍ഡിട്ടത്. 2023 ഫെബ്രുവരി 15 ന് തന്‍റെ കരിയറിലെ 71 വർഷവും 357 ദിവസവും ഇവര്‍ പിന്നിട്ടു കഴിഞ്ഞു.

 

മുൻ ഗിന്നസ് റെക്കോർഡ് ഉടമയേക്കാള്‍ മൂന്ന് വര്‍ഷത്തിലേറെയായി മേരി തന്‍റെ റേഡിയോ കരിയറില്‍ തന്നെ തുടരുകയാണ്. അതുമാത്രമല്ല ഏഴു പതിറ്റാണ്ടിലധികമായി താന്‍ നെഞ്ചോടു ചേര്‍ക്കുന്ന തന്‍റെ കരിയര്‍ ഉപേക്ഷിക്കാനും മേരി മക്കോയ് തയ്യാറല്ല.

 

1951 ൽ ഒരു റേഡിയോ സ്റ്റേഷൻ ടാലന്റ് ഇവന്റിൽ പങ്കെടുക്കുന്നതോടെയാണ് മേരി തന്റെ കരിയറിന് തുടക്കമിടുന്നത്. അങ്ങിനെ 12ാമത്തെ വയസില്‍ റേഡിയോ അവതാരക രംഗത്തേക്ക്. പിന്നീട് റേഡിയോയുടെ ഉടമസ്ഥാവകാശം പോലും മാറിയെങ്കിലും മേരി അവതാരകയായി തുടര്‍ന്നു. നിലവില്‍ കെ-സ്റ്റാർ കൺട്രി എന്ന് എഫ്എം ചാനലില്‍ അവതാരികയായി തുടരുകയാണ് മേരി മക്കോയ്. ആഴ്ചയിൽ ആറ് ദിവസവും രണ്ട് മണിക്കൂർ ദൈര്‍ഘ്യമുള്ള ഷോയും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. റേഡിയോ തന്‍റെ ജീവിതം തന്നെയാണെന്നാണ് മൈക്കിനു മുന്നിലിരുന്നു തന്‍റെ 85ാം വയസ്സിലും ഈ അവതാരക പറയുന്നത്.