രാജ്യാന്തര തലത്തില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം നേടി സൗദി എണ്ണക്കമ്പനിയായ ആരാംകോ. 16,100 കോടി ഡോളറാണ്  2022ലെ ലാഭം. രാജ്യാന്തര തലത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതാണ് ആരാംകോയുടെ നേട്ടത്തിന് കാരണം.

 

റഷ്യ– യുക്രെയ്ന്‍ യുദ്ധം ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കുമ്പോള്‍ നേട്ടംകൊയ്യുന്നത് റഷ്യന്‍ ഇതര എണ്ണക്കമ്പനികളാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സൗദി ആരാംകോ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 ല്‍ ആരാംകോയുടെ ലാഭത്തില്‍ 46.5 ശതമാനം വര്‍ധനവാണ് ഉണ്ടായത്. റഷ്യന്‍ എണ്ണയ്ക്കും പ്രകൃതിവാതകത്തിനും യുഎസും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ എണ്ണവില കുതിച്ചുയരുകയും  റഷ്യന്‍ ഇതര രാജ്യങ്ങളില്‍നിന്ന് കയറ്റുമതി വര്‍ധിക്കുകയും ചെയ്തു. ആരാംകോയുടെ 95 ശതമാനം ഓഹരികളും സൗദി സര്‍ക്കാരിന്റെ കയ്യിലാണ്. അതുകൊണ്ടുതന്നെ ലാഭത്തിന്റെ വലിയ പങ്കും സര്‍ക്കാരിലേക്കെത്തും.

 

അതേസമയം ഫോസില്‍ ഇന്ധന വില്‍പനയിലൂടെ ഒരു കമ്പനി 16,100 കോടി ഡോളര്‍ ലാഭം നേടിയെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. എന്നാല്‍ എണ്ണ, പ്രകൃതിവാതക മേഖലയില്‍ മാത്രമല്ല, കാര്‍ബണ്‍ ബഹിര്‍ഗമനം കറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയിലും നിക്ഷേപം നടത്തുമെന്ന് സൗദി ആരാംകോ സിഇഒ അമിന്‍ നാസര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ എണ്ണക്കമ്പനിയായ എക്സോണ്‍ മൊബില്‍ 5570 കോടി ഡോളറിന്റെയും ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ഷെല്‍ 3,990 കോടി ഡോളറിന്റെ ലാഭവും നേടിയിരുന്നു.

 

Aramco with biggest profit in history despite energy crisis