ചിത്രം: BBC
ഇൻസ്റ്റഗ്രാമിൽ യുദ്ധവിരുദ്ധ പോസ്റ്റിട്ടതിന് കോളജ് വിദ്യാർഥിനിയെ വീട്ടുതടങ്കലിലാക്കി റഷ്യ. 20കാരിയായ ഒലേസ്യയെയാണ് ഭീകരവാദിയായി മുദ്രകുത്തി റഷ്യ വീട്ടുതടങ്കലിലാക്കിയത്. 10 വർഷമെങ്കിലും ഒലേസ്യയ്ക്ക് തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. റഷ്യയെയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം സ്ഫോടനത്തിൽ തകർന്നതിന്റെ ചിത്രമാണ് ഒലേസ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ഇതിന് പുറമേ യുദ്ധത്തെ കുറിച്ച് സുഹൃത്ത് എഴുതിയ പോസ്റ്റും ഒലേസ്യ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമ്മയോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ വീടിന്റെ വാതിൽ തുറന്ന് ഒരു സംഘം പൊലീസുകാരെത്തിയെന്നും ഫോൺ പിടിച്ചു വാങ്ങി, തന്നോട് നിലത്ത് കിടക്കാൻ ആക്രോശിച്ചുവെന്നും ഒലേസ്യ ബിബിസിയോട് വെളിപ്പെടുത്തി.
ഭീകരവാദത്തെ ന്യായീകരിച്ചുവെന്നും റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തിയെന്നുമാണ് ഒലേസ്യയ്ക്കെതിരെ സർക്കാർ ചുമത്തിയിരിക്കുന്ന കുറ്റം. 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ പേരിൽ ഇത്ര വലിയ ശിക്ഷ ലഭിക്കുമെന്ന് താൻ സ്വപ്നത്തിൽ കരുതിയിട്ടില്ലെന്ന് ഒലേസ്യ പറയുന്നു.
അർഖാൻഗെൽസ് സർവകലാശാലയിലെ വിദ്യാർഥിനിയായിരുന്ന ഒലേസ്യ ഇന്ന് റഷ്യയിലെ തീവ്രവാദികളുടെ പട്ടികയിലാണ്. വീട്ടുതടങ്കലിലുള്ള ഒലേസ്യയ്ക്ക് ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നതിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. 'ബിഗ് ബ്രദർ ഈസ് വാച്ചിങ് യൂ' എന്ന് തന്റെ കയ്യിൽ ഒലേസ്യ പച്ചകുത്തിയിട്ടുണ്ട്. എന്നാൽ ഒലേസ്യ തീവ്രസ്വഭാവമുള്ള പോസ്റ്റുകൾ പങ്കുവയ്ക്കുന്നതായുള്ള സുഹൃത്തുക്കളുടെ സന്ദേശങ്ങളാണ് ഒലേസ്യയെ തടവിലാക്കുന്നത് വരെ എത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
The Russian student under arrest for an instagram story