പർവേസ് മുഷറഫ് എന്ന പേര് ഇന്ത്യയുടെ മനസ്സിൽ ഇന്നും കനൽ കോരിയിടുന്നതാണ്. ഇന്ത്യാ–പാക്ക് ബന്ധം വഷളാക്കി അതൊരു യുദ്ധത്തിലേക്ക് കൊണ്ടുചെന്നെത്തിച്ച ആ നേതാവ് ഇന്നും ഓർമിക്കപ്പെടുന്നത് ഒരുപക്ഷേ കാർഗിൽ യുദ്ധത്തിന്റെ പേരിൽ തന്നെയാവും. ഏതൊരു ഇന്ത്യക്കാരന്റെ നെഞ്ചിലും മുറിപ്പാടായ വിങ്ങുന്ന ഓർമകളാണത്. 

 

പാക്കിസ്ഥാനിലെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. ഇക്കാലയളവിലായിരുന്നു കാർഗിൽ യുദ്ധം. 1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു. 

ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു നഷ്ടമായതാകട്ടെ 527 സൈനികരെയാണ്. പിന്നീട് 2001ൽ പർവേസ് പാക്കിസ്ഥാൻ പ്രസിഡന്റായി. പ്രസിഡന്റായതിനു തൊട്ടുപിന്നാലെ പർവേസ് ഇന്ത്യ സന്ദർശിക്കാനെത്തി. 2001ലെ ആഗ്ര ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു ആ വരവ്. അന്നത്തെ പ്രധാനമന്ത്രി വാജ്പേയുമായി പർവേസ് കൂടിക്കാഴ്ച നടത്തി. ഇന്ത്യാ– പാക്ക് ബന്ധം ദൃഢമാക്കാൻ ലഭിച്ച ആ സുവർണാവസരം പക്ഷേ പർവേസ് വേരൊടെ പിഴുതുമാറ്റി. കശ്മീർ വിഷത്തിലുൾപ്പെടെ വ്യക്തമായ ധാരണയിലെത്തേണ്ട ചർച്ച പർവേസിന്റെ താൽപര്യമില്ലായ്മകൊണ്ട് വൻ പരാജയമായി. തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടി വേണമെന്ന ആവശ്യത്തോടു പോലും അദ്ദേഹം വേണ്ടത്ര ശ്രദ്ധ കൊടുത്തുകണ്ടില്ല. 

 

പക്ഷേ ഇതിനു ശേഷം 2002 ജനുവരിയിൽ നടന്ന സാർക് ഉച്ചക്കോടിയിൽ എല്ലാവരെയും ഞെട്ടിക്കുന്ന നീക്കമാണ് പർവേസ് നടത്തിയത്. തന്റെ പ്രസംഗം കഴിഞ്ഞ് പർവേസ് നേരെ വന്നത് വാജ്പേയ്ക്കരികിൽ. വന്നു നിന്ന് അദ്ദേഹത്തിന് ഹസ്തദാനം നൽകി. പിന്നാലെ ജനുവരി 12ന് പാക്കിസ്ഥാൻ ഒരു പ്രസ്താവനയിറക്കി. പാക്ക് മണ്ണിൽ നിന്ന് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കാൻ ഒരു തീവ്രവാദ ഗ്രൂപ്പിനെയും അനുവദിക്കില്ലെന്നായിരുന്നു അതിൽ വ്യക്തമാക്കിയിരുന്നത്. 

 

പിന്നീടും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ പല ഉലച്ചിലുകളുമുണ്ടായി. ജമ്മുകശ്മീർ വിഷയത്തിന്റെ പേരിലായിരുന്നു അവയിലേറെയും. ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞതുമില്ല. വർഷങ്ങളുടെ പ്രയത്നങ്ങൾക്കൊടുവിൽ 2007ൽ ഫോർ പോയിന്റ് ഫോർമുലയുണ്ടാക്കി. ബോർഡർ തിരുത്തിവരയ്ക്കില്ല, ജമ്മുകശ്മീരിലെ ജനങ്ങളുടെ സ്വര്യൈവിഹാരം തുടങ്ങിയ ആവശ്യങ്ങളായിരുന്നു അതിലുണ്ടായിരുന്നുത്. ഇത് ചർച്ച ചെയ്ത് തീരുമനത്തിലെത്തും മുൻപ് പർവേസിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ സകലതും തച്ചുടച്ചു. 

 

2007 മാർച്ച് ഒന്‍പതിന് പർവേസ് മുഷറഫ് അപ്പോഴത്തെ ചീഫ് ജസ്റ്റിസായിരുന്ന ഇഫ്തിഖാർ മുഹമ്മദ് ചൗധരിയെ ഭരണഘടനയ്ക്ക് വിരുദ്ധമായി പുറത്താക്കി. ഇത് വൻ വിവാദങ്ങൾലേക്ക് വഴിമാറി. പ്രതിഷേധങ്ങൾ അണപൊട്ടിയൊഴുകി. ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക്ക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

തൊട്ടുപിന്നാലെയെത്തിയ തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസിഡന്റ് പദവി രാജിവയ്ക്കേണ്ട സമ്മര്‍ദത്തിലായി. 2008ൽ പിപിപി- പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18ന് മുഷറഫ് സ്ഥാനമൊഴിയുകയായിരുന്നു.

 

പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലേക്ക് പറന്നു. 2013ൽ പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തി. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ വീണ്ടും തിരിച്ചെത്തി. ‌പിന്നീടു മടങ്ങിയില്ല. പാക്കിസ്ഥാൻ അവാമി ഇത്തേഹാദ് (പിഎഐ) എന്ന 23 രാഷ്ട്രീയ പാർട്ടികളുടെ വിശാല സഖ്യത്തിനു രൂപം നൽകി രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാൻ ഇടയ്ക്കു ശ്രമിച്ചിരുന്നു. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ വച്ചു തന്നെയാണ് പർവേസ് മുഷറഫിന്റെ അന്ത്യവും.