തിങ്കളാഴ്ചയാണ് ദക്ഷിണ കൊറിയയിൽ നെഗ്ലേരിയ ഫൗലറി എന്ന അമീബമൂലം ആ​ദ്യത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത്. തായ്‍ലാന്റിൽ നിന്ന് മടങ്ങി വന്ന കെറിയൻ സ്വദേശിയാണ് മരിച്ചത്. തലച്ചോർ കാർന്നു തിന്നുന്ന അമീബയെന്ന് പൊതുവേ അറിയപ്പെടുന്ന ഇത് തലച്ചോറിൽ പ്രവേശിച്ച് കഴിഞ്ഞാൽ അതിന്റെ കോശങ്ങളെ നശിപ്പിച്ച് അണുബാധയും നീർക്കെട്ടും  ഉണ്ടാക്കുകയാണ് ചെയ്യുന്നത്

 

എന്താണ് നെഗ്ലേരിയ ഫൗലറി?‌

 

നെഗ്ലേരിയ എന്ന അമീബയുടെ സ്പീഷിസുകളിൽ നെഗ്ലേരിയ ഫൗലറി മാത്രമാണ് മനുഷ്യരെ ബാധിക്കുന്നത്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പറയുന്നതിനനുസരിച്ച് 1965 ൽ ഓസ്ട്രേലിയയിലാണ് ഈ അമീബയെ ആദ്യമായി കണ്ടെത്തുന്നത്. ശുദ്ധജല തടാകങ്ങളിലും അരുവികളിലുമാണ് ഈ അമീബയുടെ സാന്നിധ്യം പൊതുവേ കാണാറുള്ളത്. 46‌ ഡി​ഗ്രി സെൽഷ്യസ് താപനിലയിൽ ഇവയ്ക്ക് വളരുവാനും പെരുകുവാനും സാധിക്കുന്നതായും അതിൽ കൂടുത‌ലുള്ള താപനിലയെ ഇവയ്ക്ക് അതിജീവിക്കാൻ  സാധിക്കുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച 2020 ന്റെ അവസാനങ്ങളിൽ അമേരിക്കയിലും ഈ അമീബമൂലമുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

 

മൂക്കിലൂടെയാണ് സാധാരണയായി ഈ അമീബ മനുഷ്യരുടെ ശരീരത്തിലെത്തുന്നത്. ശേഷം തലച്ചോറിലെത്തുന്ന അമീബ കൂടുതൽ അപകടകാരിയായി മാറുന്നു. അമീബ തലച്ചോറിലെത്തിക്കഴിഞ്ഞാൽ അത് തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (പിഎഎം) എന്ന ​ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അണുബാധയേറ്റ് ഒന്നു മുതൽ പന്ത്രണ്ട് ദിവസങ്ങൾക്കുള്ളിൽ രോ​ഗ ലക്ഷണങ്ങൾ പ്രകടമാകാം. മെനിഞ്ചേറ്റിസിന് സമാനമായ ലക്ഷണങ്ങളായിരിക്കും കണ്ടു തുടങ്ങുക. തലവേദ​ന, ഛർദ്ദി, പനി എന്നിവയുണ്ടാകാം. അണുബാധ അടുത്ത് ഘട്ടത്തിലേക്ക് കടക്കുന്നതോടെ കഴുത്ത് വേദന, വിഭ്രാന്തി മറ്റ് മാനസിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. രോ​ഗം ​ഗുരുതരമാകുന്നതോടെ രോ​ഗി കോമ സ്റ്റേജിലെത്താം. 

 

നെഗ്ലേരിയ ഫൗലറി എന്നത് വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന അണുബാധയായതുകൊണ്ടു തന്നെ ഇതുവരെയും ഫലപ്രദമായ ചികിത്സകളൊന്നും ഇതിനെതിരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ ഇന്ത്യയുൾപ്പെടെ പതിനാറോളം രാജ്യങ്ങളിൽ നെഗ്ലേരിയ ഫൗലറിയെ കണ്ടെത്തിയതായി വിദേശ മാധ്യമാങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

 

What is Brain eating amoeba Naegleria Fowleri