
സർവകലാശാലകളിൽ പെൺകുട്ടികളുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് അടുത്തിടെയാണ് താലിബാൻ പുറത്തിറക്കിയത്. ഇതോടെ ഉന്നത വിദ്യാഭ്യാസം നേടുകയെന്നത് സ്വപ്നം കണ്ട് കഠിന പ്രയത്നം ചെയ്ത് പ്രവേശനപ്പരീക്ഷകളെയെല്ലാം മറികടന്ന് തങ്ങളുടെ സ്വപ്നത്തിനു തൊട്ടരികിലെത്തിയ എത്രയോ പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളാണ് പാതിവഴിയിൽ പൊലിഞ്ഞു പോയത്.
സര്‍വകലാശാലകളില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ശരിയായ രീതിയിൽ വസ്ത്രം ധരിക്കാതെ വിവാഹത്തിന് പോകുന്നത് പോലെയാണ് സർവകലാശാലകളിൽ എത്തുന്നതെന്നുമായിരുന്നു സര്‍ലകലാശാലയിലെ പെൺവിലക്കിനെ ന്യായീകരിക്കാനായി താലിബാൻ ഉയർത്തിയിരുന്ന വിചിത്ര വാദം. കൂടാതെ ചില സയന്‍സ് വിഷയങ്ങള്‍ സ്ത്രീകള്‍ക്ക് പഠിക്കാൻ അനുയോജ്യമല്ലെന്നും അഫ്ഗാൻ സംസ്കാരം അനുസരിച്ച് എൻജിനീയറിങ്ങും കൃഷിയും സ്ത്രീകൾക്കു ചേരുന്ന ജോലിയല്ലെന്നും താലിബാൻ പ്രസ്താവിച്ചു.
താലിബാന്റെ ഇത്തരം ക്രൂര നടപടിക്കെതിരെ കടുത്ത അമർഷമാണ് രാജ്യത്തെ പെൺകുട്ടികൾക്കുള്ളത്. ഇത്തരം നിയമങ്ങളേക്കാൾ ഭേദം തങ്ങളുടെ തലയെടുക്കുകയായിരുന്നു എന്നാണ് വിദ്യാർഥിനികളുടെ പക്ഷം.
'സ്ത്രീകളുടെ തല വെട്ടണമെന്ന് അവർ ഉത്തരവിട്ടിട്ടുണ്ടോ? ഈ വിലക്കിനെക്കാൾ എന്തു കൊണ്ടും നല്ലത് അതായിരുന്നു'. കാബുൾ സ്വദേശിയായ മർവ എന്ന വിദ്യാര്‍ഥിനി അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഇത്ര നിര്ഭാഗ്യവതികളായിരുന്നു ഞങ്ങൾ എന്നുണ്ടെങ്കിൽ ഈ ഭൂമിയിൽ ജനിക്കേണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ചിന്തിച്ചു പോകുന്നു. ഈ ലോകത്തിലെ എന്റെ നിലനിൽപിനെക്കുറിച്ചോർത്ത് ഞാൻ ഖേദിക്കുന്നു'-. മർവ പറഞ്ഞു. 'മൃഗങ്ങളേക്കാൾ പരിതാപകരമാണ് ഞങ്ങളുടെ അവസ്ഥ. മൃഗങ്ങൾക്ക് അവർക്കിഷ്ടമുള്ളടത്തേക്ക് എപ്പോൾ വേണമെങ്കിലും സഞ്ചരിക്കാം. എന്നാൽ ഞങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കൂടി അവകാശമില്ല'. അവർ കൂട്ടിച്ചേർത്തു.
പത്തൊമ്പതുകാരിയായ മർവ അടുത്തിടെയാണ് നഴ്സിംങ് പഠനത്തിനായുള്ള പ്രവേശന പരീക്ഷ വിജയിച്ച് കാബൂളിലെ മെഡിക്കൽ സര്‍വകലാശാലയിൽ പ്രവേശനം നേടിയത്. ക്ലാസുകൾ ആരംഭിക്കാനിരിക്കെയായിരുന്നു പെൺകുട്ടികളുടെ പ്രവേശനാനുമതി നിഷേധിച്ചു കൊണ്ടുള്ള താലിബാൻ സർക്കാറിന്റെ പ്രഖ്യാപനം വന്നത്.തന്റെ സഹോദരൻ സർവകലാശാലയിലേക്കു പോകുമ്പോൾ ഉന്നത പഠന സ്വപ്നങ്ങൾ ഉള്ളിലൊതുക്കി വേദനയോടെ വീട്ടിലിരിക്കാൻ മാത്രമെ മർവയ്ക്ക് സാധിക്കുന്നുള്ളൂ.
ഇത് വെറുമൊരു മർവയുടെ കാര്യമല്ല. ഇത്തരത്തിലുളള ആയിരക്കണക്കിന് മർവമാർ അഫ്ഗാനിലുണ്ട്. മർവയുടെ മാതാവും മറ്റൊരു താലിബാൻ കാലത്തെ പെൺവിലക്കിന്റെ ഇരയാണ്. 1996-2001 കാലത്തിനിടയിൽ താലിബാൻ അധികാരത്തിൽ വന്നതിനെത്തുടർന്ന് പഠനമുപേക്ഷിക്കേണ്ടി വന്നതാണ് അവർക്ക്. തന്റെ മകൾക്ക് അവളുടെ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെങ്കിൽ അവൾക്കും തന്നെപ്പോലെ ദുരിത ജീവിതം നയിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ അധികാരത്തിൽ എത്തിയ ശേഷം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടികളാണ് താലിബാന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പുതിയ നിയന്ത്രണത്തിലൂടെ പെൺകുട്ടികളുടെ ഭാവി ഇരുട്ടിലാകുകയാണ്. ‘മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യം’ എന്നാണ് താലിബാന്റെ നടപടിയെ ലോകരാജ്യങ്ങള്‍ അപലപിച്ചത്.
Afghan Women Speak Out On University Ban: "Beheading Would've Been Better"