Afgan-women

വസ്ത്രധാരണം സംബന്ധിച്ച നിബന്ധനകള്‍ ലംഘിച്ചതുകൊണ്ടാണ് അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് താലിബാന്‍ ഭരണകൂടം. ഇസ്ലാമിക ചട്ടപ്രകാരമേ വസ്ത്രം ധരിക്കാവൂ എന്നും പൊതുസ്ഥലങ്ങളില്‍ ആണ്‍തുണയില്ലാതെ സഞ്ചരിക്കരുതെന്നുമുള്ള താലിബാന്‍ നിര്‍ദേശം പാലിക്കുന്നതില്‍ വിദ്യാര്‍ഥിനികള്‍ വീഴ്ച വരുത്തിയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി നേദ മുഹമ്മദ് പറഞ്ഞു.

വിവാഹത്തിനുപോകുന്ന രീതിയില്‍ വസ്ത്രം ധരിച്ചാണ് പെണ്‍കുട്ടികള്‍ പഠിക്കാനെത്തുന്നത്. ഹിജാബ് ശരിയായി ധരിക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു. ചില ശാസ്ത്രവിഷയങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റിയതല്ലെന്ന വിചിത്ര വാദവും നേദ മുഹമ്മദ് ഉയര്‍ത്തി. പെണ്‍കുട്ടികള്‍ എന്‍ജിനീയറിങ്ങും കൃഷിയും ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ പഠിക്കുന്നത് അഫ്ഗാന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. 

പെണ്‍കുട്ടികള്‍ക്ക് യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതാന്‍ അനുമതി നൽകി മൂന്നു മാസം കഴിയുന്നതിന് മുന്‍പാണ് ഉന്നത വിദ്യാഭ്യാസത്തിനുതന്നെ വിലക്ക് ഏര്‍പ്പെടുത്തിയത്. ആയിരക്കണക്കിനു വിദ്യാർഥിനികളാണ് ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളുമായി പ്രവേശന പരീക്ഷ എഴുതിയത്. 

ഏഴാംക്ലാസിനു ശേഷമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ നേരത്തെ വിലക്കിയിരുന്നു. മുപ്പതുലക്ഷത്തോളം പെൺകുട്ടികൾ ഇതോടെ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും പുറത്തായി. താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിക്കുന്ന സ്ഥലങ്ങള്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച് മറച്ചിരുന്നു. പിന്നീട് പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപകരോ പ്രായമേറിയ പുരുഷന്മാരോ മതിയെന്ന് നിലപാട് വന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഘട്ടം ഘട്ടമായി എല്ലാ പൊതു ഇടങ്ങളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നത്.

Taliban Explains Why Afghan Women Have Been Banned From Universities