ബ്രിട്ടനില്‍ 106 വര്‍ഷത്തിനിടെ ആദ്യമായി നഴ്സുമാരുടെ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിങ് പണിമുടക്കി. ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി ഒരുലക്ഷം നഴ്സുമാര്‍ പണിമുടക്കില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗം ഉള്‍പ്പെടെ അടിയന്തര സേവനങ്ങളെ സമരം ബാധിച്ചില്ല 

19 ശതമാനം ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ ചരിത്രത്തിലാദ്യമായി സമരത്തിനിറങ്ങിയത്. അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടില്ല. അതേസമയം  അടിയന്തരമല്ലാത്ത സേവനങ്ങളെയെല്ലാം സമരം ബാധിച്ചു. 

 

രാജ്യത്തെ 76 ആശുപത്രികളിലായി ഒരുലക്ഷത്തോളം പേരാണ് പണിമുടക്കില്‍ പങ്കെടുത്തത്.  ശമ്പള വര്‍ധനയ്ക്കൊപ്പം ആശുപത്രികളില്‍ നഴ്സുമാരുടെ കുറവ് നികത്തണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തി. അതേസമയം ശമ്പളം 19 ശതമാനം വര്‍ധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സ്വതന്ത്ര സമിതി ശുപാര്‍ശ ചെയ്ത നാല് മുതല്‍ അഞ്ചു ശതമാനം വരെ ശമ്പള വര്‍ധന നടപ്പാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.  ഇത് അംഗീകരിക്കില്ലെന്ന് നഴ്സുമാരുടെ സംഘടന റോയല്‍ കോളജ് ഓഫ് നഴ്സിങ് വ്യക്തമാക്കി. പണിമുടക്ക് ഖേദകരമാണെന്നും രോഗികളുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രി സ്റ്റീവ് ബാര്‍ക്ലെ പറഞ്ഞു.  ഇന്നത്തെ സമരത്തിന്റെ തുടര്‍ച്ചയായി ഈ മാസം 20 നും പണിമുടക്കുമെന്ന് നഴ്സുമാര്‍ അറിയിച്ചു.  വിലക്കയറ്റം രൂക്ഷമാവുകയും ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നഴ്സുമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടത്.