റഷ്യ– യുക്രെയ്ന്‍ അധിനിവേശത്തിനിടെ തകര്‍ന്ന കെര്‍ച്ച് പാലത്തില്‍ മെര്‍സിഡീസ് കാറോടിച്ച് റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമർ പുടിന്‍. റഷ്യയെ ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലം കഴിഞ്ഞ ഒക്ടോബര്‍ 8 ന് ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. പിന്നീട് കേടുപാടുകള്‍ പരിഹരിച്ച് റഷ്യ പാലം ഗതാഗത യോഗ്യമാക്കുകയായിരുന്നു.
കെര്‍ച്ച് പാലം തകര്‍ത്തത് യുക്രെയ്നാണെന്ന് ആരോപിച്ച പുടിന്‍ മിസൈലാക്രമണം രൂക്ഷമാക്കിയിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും കനത്ത നാശനഷ്ടം വിതക്കുകയും ചെയ്താണ് റഷ്യ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ പാലം തകര്‍ത്തെന്ന ആരോപണം യുക്രെയ്ന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലന്‍സ്കി തള്ളിയിരുന്നു. 2014 ല്‍ റഷ്യ പിടിച്ചടക്കിയ ക്രൈമിയ ദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കാനാണ് 2018 ല്‍ പുടിന്‍ കെര്‍ച്ച് പാലം പണികഴിപ്പിച്ചത്. 19 കിലോമീറ്റര്‍ നീളമുള്ള പാലം ബോംബാക്രമണത്തില്‍ തകര്‍ന്നത് റഷ്യയ്ക്ക് വലിയ തലവേദനയായിരുന്നു.
അതേസമയം, റഷ്യയില്‍ വ്യാപാരം നിറുത്തിയ മെര്‍സിഡീസിനെ ചൊടിപ്പിക്കാനാണ് പുടിന്റെ ശ്രമം എന്ന വാദവും ശക്തമായി. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടുള്ള പ്രതിഷേധം കാരണം കമ്പനി റഷ്യയിലെ വ്യാപാരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദം പുടിന്‍റെ അടുത്ത അനുയായി ദിമിത്രി പെസ്കോവ് തള്ളി.