ഖത്തര്‍ ലോകകപ്പിൽ ഇറാൻ അമേരിക്കയോടു തോറ്റു പുറത്തായതിന് പിന്നാലെ തോൽവി ആഘോഷമാക്കി ഇറാൻ ജനത. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും തെരുവുകളിൽ നൃത്തം ചെയ്തുമാണ് സ്വന്തം രാ‍ജ്യത്തിന്റെ പരാജയത്തെ ഇറാനികൾ ആഘോഷമാക്കിയത്. ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 

ഹിജാബ് വലിച്ചെറിഞ്ഞും കൂട്ടിയിട്ട് കത്തിച്ചും ഇറാൻ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ദ‍ൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് തെരുവുകൾ ആഘോഷമാക്കുന്ന ഇറാനികളുടെ ചിത്രങ്ങൾ  വന്നതെന്നും ശ്രദ്ധേയമാണ്. 

കുർദിസ്ഥാനിലും മാരിവാനിലും  കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലുമെല്ലാം ആളുകള്‍ പടക്കം പൊട്ടിച്ചും ഹോൺ മുഴക്കിയും രാ‍്ജ്യത്തിന്‍റെ പരാജയം ആഘോഷമാക്കി. പരാജയം ആഘോഷമാക്കുന്ന നിരവധി ട്വീറ്റുകളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.

"ഞാൻ മൂന്ന് മീറ്റർ ചാടി അമേരിക്കയുടെ ഗോൾ ആഘോഷിക്കുമെന്ന് ആരാണ് കരുതിയിരുന്നത്!" തോൽവിക്ക് ശേഷം ഇറാനിയൻ ഫുട്ബോള്‍ ജേണലിസ്റ്റ് സയീദ് സഫറാനി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.  "ഇതാണ് മധ്യത്തിൽ കളിക്കുന്നത്, അവർ ജനങ്ങളോടും എതിരാളികളോടും എന്തിന് സർക്കാരിനോടും തോറ്റുപോയി" എന്നാണ്  പോഡ്‌കാസ്റ്റർ ഇലാഹെ ഖോസ്രാവിയുടെ ട്വീറ്റ്. 'അവര്‍ അകത്തും പുറത്തും തോറ്റു' എന്നായിരുന്നു മാധ്യമപ്രവർത്തകൻ അമീർ എബ്‌തേഹാജിയുടെ ട്വീറ്റ് 

ഹി‍ജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് പിടികൂടിയ മെഹ്സ അമീനി എന്ന 22കാരി കസ്റ്റഡിയിലിരിക്കെ മരിച്ചതിനെത്തുടർന്ന് ഇറാനിൽ ശക്തമായ പ്രധിഷേധങ്ങളാണ് നടക്കുന്നത്.

പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ളണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്നും ഇറാൻ ടീം വിട്ടു നിന്നിരുന്നു. ഇതേ തുടർന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയോ ദേശീയ ഗാനം ആലപിക്കാതിരിക്കുകയോ ചെയ്താൽ ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ‌ഭീഷണിപ്പെടുത്തുകയും ചെയ്തു. മെഹ്സ അമീനിയുടെ നാടായ സാക്കെസിലും ആളുകൾ പരാ‍‍‍ജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.

 

Iranians celebrate team's failure at FIFA World Cup 2022