ഓർമകളിൽ ജീവിക്കാനിഷ്ടപ്പെടുന്നവരും ഓർമകളെ എല്ലായ്പ്പോഴും നമുക്കൊപ്പം ചേർത്തുവായിക്കുന്നവരുമാണ് നമ്മൾ മിക്കവരും. മധുരമുള്ള ബാല്യകാലവും, പ്രണയവും വിരഹവും സംഭവബഹുലമായ യൗവനവുമെല്ലാം ഓർമകളായി കിനിഞ്ഞിറങ്ങുന്ന കാലം വാർധക്യമാണ്. മുത്തശ്ശിക്കഥകളോളം പ്രിയപ്പെട്ടതായി നമുക്ക് മറ്റൊന്നുമുണ്ടാവില്ലല്ലോ. ഇതിലേക്കെല്ലാം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്നത് ഓർമകളാണ്. അതില്ലാതാവുന്ന അവസ്ഥ അതിഭീകരവും. അൽഷിമേഴ്സ് എന്ന രോഗാവസ്ഥയിലേക്ക് നീങ്ങുന്നവരെ കണ്ട് പരിതപിക്കുമ്പോഴും നമ്മൾക്കുള്ളിലുണ്ടാവുന്നത് ഈ രോഗത്തോടുള്ള വല്ലാത്ത ഭയമാണ്. കാരണം ഓർമകളില്ലാത്ത ലോകത്ത് മനുഷ്യന് ജീവിക്കാന്‍ പ്രയാസമണ് എന്നതുതന്നെ.
മരുന്നില്ലാത്ത രോഗമാണ് അൽഷിമേഴ്സ് എന്നത് ഈ ഭയം ഇരട്ടിയാക്കിയിരുന്നു. എന്നാലിതാ ആ അവസ്ഥയ്ക്ക് മാറ്റം വരികയാണ്. അൽഷിമേഴ്സിന് മരുന്ന് വരുന്നു. യു.കെയിൽ നടക്കുന്ന ഒരു പഠനം അൽഷിമേഴ്സ് എന്ന രോഗാവസ്ഥയെ നമ്മുക്കിടിയിൽ നിന്ന് തുടച്ചുനീക്കാനാവുമോ എന്ന് അതിതീവ്രമായി പരിശോധിച്ചു വരികയാണ്. തുടക്കത്തിലേ കണ്ടെത്താനായാൽ രോഗം ഭേദപ്പെടുത്താം എന്ന് പഠനത്തിന്റെ ഭാഗമായ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വലിയൊരു പ്രത്യാശയിലേക്കാണ് വഴിതുറന്നിരിക്കുന്നത്.
ലെക്കാനെമാബ് (Lecanemab) എന്ന മരുന്നിന് അൽഷിമേഴ്സിനെ ചെറുക്കാനാവുമോ എന്നാണ് പ്രധാനമായും പഠനം നടക്കുന്നത്. അൽഷിമേഴ്സ് രോഗികളുടെ തലച്ചോറിലുണ്ടാകുന്ന ബിറ്റ അമിലോയ്ഡിനെ (Beta Amyloid) പ്രതിരോധിക്കുകയാണ് ലെക്കാനെമാബ് ചെയ്യുന്നത്. ഈ മരുന്ന് പരീക്ഷിച്ചു നോക്കിയ രോഗികളിൽ മാറ്റം കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പഠനത്തിനു പിന്നിൽ മുപ്പത് വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രൊഫസർ ജോൺ ഹാർഡ്‌ലി പറയുന്നത് ഇത് ചരിത്രനിമിഷമാണെന്നാണ്. അൽഷിമേഴ്സ് ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ രോഗികളിൽ മരുന്ന് മാറ്റമുണ്ടാക്കുന്നു എന്നത് പ്രത്യാശ നിറയ്ക്കുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. നൂറ് ശതമാനവും തോൽവി മാത്രമായിരുന്നു ഇത്രയുംനാൾ ഇതിനു പിന്നിൽ പ്രവർത്തിച്ചതിൽ നിന്നുണ്ടായത്. എന്നാൽ ഇന്ന് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കാൽവയ്പ്പിലേക്ക് നീങ്ങുകയാണ് എന്നും പഠനത്തെക്കുറിച്ച് ഹാർഡ്‌ലി വ്യക്തമാക്കുന്നു.
ലെക്കാനെമാബ് ഒരു ആന്റിബോഡിയായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിലുണ്ടാകുന്ന അമിലോയ്ഡുകളെ പ്രതിരോധിക്കുകയാണ് ഇത് ചെയ്യുന്നത്. അൽഷിമേഴ്സ് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ 1,795 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. രോഗികളിൽ അത്ഭുതകരമായ മാറ്റം പെട്ടെന്നുണ്ടാക്കാൻ കഴിയില്ലെങ്കിലും ഓർമകളെ മുഴുവനായും അസുഖം കാർന്നു തിന്നുന്ന അവസ്ഥയിലേക്ക് നീങ്ങുന്നതിൽ നിന്ന് പ്രതിരോധിക്കാൻ ഈ മരുന്നിന് കഴിയുന്നുണ്ട്. രോഗവസ്ഥയെ നിയന്ത്രിച്ചുനിർത്താനും സഹായിക്കുന്നുണ്ട്.
ലെക്കാനെമാബിന്റെ ഉപയോഗം സംബന്ധിച്ച വിദഗ്ധ നിർദേശങ്ങൾക്കും ഇതിന്റെ ഉപയോഗത്തെക്കുറിച്ചുമെല്ലാം വിശദമായ ചർച്ചകൾ നടന്നുവരികയാണ്. അടുത്ത തലമുറയെ അൽഷിമേഴ്സ് മുക്തമാക്കാനുതകുന്ന മരുന്നാവും ഇതെന്നാണ് പഠനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരും സർക്കാർ തലത്തില്‍ വിഷയം ചർച്ച ചെയ്യുന്നവരും കരുതുന്നത്.
Alzheimer's drug lecanemab hailed as momentous breakthrough