ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ് ഭൂഗോളത്തിന്‍റെ തെക്കേയറ്റത്തുള്ള അന്‍റാര്‍ട്ടിക്കയിലേക്കുള്ള യാത്ര. കോവിഡ് മഹാമാരിക്ക് ശേഷം സഞ്ചാരികള്‍ക്കായി വീണ്ടും അന്‍റാര്‍ട്ടിക്കയിലേക്ക് ഉല്ലാസയാത്രക്ക് വഴിയൊരുങ്ങുകയാണ്. ഇരുപതുദിവസത്തെ യാത്രയില്‍ തെക്കേഅമേരിക്കയിലെ വിവിധ രാജ്യങ്ങള്‍കൂടി സന്ദര്‍ശിക്കാന്‍ അവസരമുണ്ട്
അപൂര്‍വമായി മാത്രം സഞ്ചാരികള്‍ക്ക് കടന്ന് ചെല്ലാന്‍ അനുമതി ലഭിക്കുന്ന ഇടമാണ് അന്റാര്‍ട്ടിക്ക. മഞ്ഞുമൂടിയ ദക്ഷണധ്രുവത്തിന്റെ അപൂര്‍വദൃശ്യങ്ങള്‍ കാണാനും, അനുഭവിക്കാനും ലഭിക്കുന്ന നിമിഷങ്ങള്‍. ആ സ്വപ്നയാത്രക്കാണ് കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുന്നത്. കൊച്ചിയിലെ പ്രമുഖ ടൂര്‍ കമ്പനിയായ കോറസ് ട്രാവല്‍സാണ് 20 ദിവസം നീണ്ടുനില്‍ക്കുന്ന അന്‍റാര്‍ട്ടിക്ക പാക്കേജ് ഒരുക്കിയിരിക്കുന്നത്.
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ദുബായ് വഴി തെക്കേ അമേരിക്കയിലേക്കാണ് യാത്രയുടെ ആദ്യഘട്ടം. ബ്രസീല്‍, അര്‍ജന്‍റീന, ചിലി, ഉറുഗ്വേ എന്നീ രാജ്യങ്ങള്‍ ഈ ഘട്ടത്തില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. തുടര്‍ന്നാണ് 16 ദിവസം നീണ്ടുനില്‍ക്കുന്ന അന്‍റാര്‍ട്ടിക്ക യാത്ര. റോയല്‍ കരീബിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ ആഢംബര കപ്പലായ സെലിബ്രിറ്റി ക്രൂസ് ഇന്‍ഫിനിറ്റിയിലാണ് യാത്ര. കോവിഡിന് മുമ്പ് അന്‍റാര്‍ട്ടിക്കയിലേക്ക് ടൂര്‍ പ്രോഗ്രാം നടത്തിയ പരിചയസമ്പത്തുമായാണ് ഇത്തവണത്തെ യാത്ര. 6.9 ലക്ഷം രൂപ മുതലാണ് പാക്കേജുകള്‍ ആരംഭിക്കുന്നത്