ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റതോടെ  ബ്രിട്ടന്റെ ദേശീയ ഗാനവും കറന്‍സിയും ഉള്‍പ്പെടെ മാറും. ബ്രിട്ടന്റെയും ഓസ്ട്രേലിയ, കാനഡ ഉള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പാസ്പോര്‍ട്ടിലും മാറ്റംവരും. 

 

ബ്രിട്ടന്‍റെ ദേശീയ ഗാനം‌ ഗോഡ് സേവ് ദ ക്വീനു പകരം  ഗോഡ് സേവ് ദ കിങ് എന്നാകും. ബ്രിട്ടന്റെ പുതിയ കറന്‍സിയിലും നാണയത്തിലും എലിസബ‍ത്ത് രാജ്ഞിയുടെ ചിത്രത്തിനുപകരം ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചിത്രമെത്തും. എന്നാല്‍ നിലവില്‍ വിനിമയത്തിലുള്ള രാജ്ഞിയുടെ ചിത്രമുള്ള കറന്‍സി പിന്‍വലിക്കില്ല. ബാങ്കുകളില്‍ തിരികെ എത്തുന്ന മുറയ്ക്ക് വിപണിയില്‍നിന്ന് ക്രമേണ ഇല്ലാതാകും.  ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ ഡോളറുകളിലും ബ്രീട്ടീഷ് രാജ്ഞിയുടെ ചിത്രമുണ്ട്. ഈ രാജ്യങ്ങളിലെ കറന്‍സിയിലും മാറ്റം വരും. സ്റ്റാംപുകളിലും പതാകകളിലും ഇതുപോലെ മാറ്റം വരും. 

 

ബ്രിട്ടന്റെയും ഓസ്ട്രേലിയ, കാന‍ഡ തുടങ്ങിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും പാസ്പോര്‍ട്ടിലെ ഒന്നാം പേജിലെ എഴുത്തില്‍ രാജ്ഞിക്ക് പകരം ചാള്‍സ് മൂന്നാമന്‍ രാജാവെത്തും. രാജകുടുംബങ്ങള്‍ക്ക് സാധനങ്ങളും സേവനങ്ങളും  നല്‍കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള റോയല്‍ വാറന്റ് അംഗീകാരത്തിലും  മാറ്റം വരും.  ബ്രിട്ടനിലെ മുതിര്‍ന്ന അഭിഭാഷക സംഘം ക്വീന്‍ കോണ്‍സലിനുപകരം ഇനി കിങ് കോണ്‍സല്‍ എന്നറിയപ്പെടും.