ലക്ഷ്യബോധവും പരിശ്രമവും പ്രായോഗിക ബുദ്ധിയുമുണ്ടെങ്കില്‍ ആഗ്രഹിക്കുന്നതു സ്വന്തമാക്കാം എന്നതിനു തെളിവാണ് ലിസ് ട്രസിന്റെ ജീവിതം. 47ാം വയസില്‍ ടോറികളുടെ നേതാവും ബ്രിട്ടന്റെ പ്രധാനമന്ത്രിയുമാകുമ്പോള്‍ വിജയിച്ചത് ലിസ് ട്രസിന്റെ ഇച്ഛാ ശക്തി കൂടിയാണ്. ഓക്‌സ്‌ഫോർഡില്‍ പഠിക്കുമ്പോള്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുകയാണ് തന്റെ സ്വപ്നവും ലക്ഷ്യവുമെന്നു ലിസ് ട്രെസ്സ് വ്യക്തമാക്കുമ്പോൾ പ്രായം പതിനെട്ട്.
മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ലിസ് ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകുമ്പോള്‍ പ്രായം 47. ടോറി കുടുംബത്തിലായിരുന്നില്ല ലിസ് ട്രസ് ജനിച്ചത്.ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും ലിസ്സിനു തിരിച്ചടിയേല്‍ക്കുകയും ചെയ്തു.എന്നിട്ടും പതറാതെ മുന്നോട്ടു പോയ ലിസ് ഒടുവിൽ 2010 ൽ പൊതു തെരഞ്ഞെടുപ്പില്‍ കോമൺ ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അന്നു മുതല്‍ പ്രതിനിധീകരിക്കുന്നത് തെക്കു പടിഞ്ഞാറു നോര്‍ഫോല്‍ക് മണ്ഡലത്തെയാണ്..ഡേവിഡ് കാമറോണ്‍,തെരേസ മേ, ബോറിസ് ജോണ്‍സണ്‍ എന്നീ പ്രധാന മന്ത്രിമാരുടെ കീഴില്‍ ക്യാബിനറ്റ് പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ല്‍ വനിത തുല്യതാ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക വഴിത്തിരിവായത് ബോറിസ്‌ജോൺസൺ സർക്കാരിൽ 2021 ൽ വിദേശകാര്യ സെക്രട്ടറി പദവിയില്‍ സീനിയര്‍ മന്ത്രിയായി നിയമിക്കപ്പെട്ടതാണ്.ബ്രിട്ടനിൽ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതയായി ലിസ് മാറി.റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ട്രസ് സ്വീകരിച്ച നിലപാടുകൾ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു..ഈ തിരഞ്ഞെടുപ്പില്‍ ആദ്യം ചിത്രത്തിലേ ഇല്ലാതിരുന്ന ലിസ് ട്രസ് നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് അവസാന റൗണ്ടിലെത്തിയതും ഇപ്പോള്‍ അന്തിമ വിജയം നേടിയതും.